Skip to main content

ധനസമാഹരണയജ്ഞത്തിന് ഇന്ന് മാവേലിക്കരയിൽ തുടക്കം

 ആലപ്പുഴ; ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങുകൾ ഇന്ന് ( സെപ്റ്റംബർ 14) തുടങ്ങും. ജില്ലയിലെ ധനസമാഹരണത്തിനുള്ള ആദ്യപരിപാടി വെള്ളിയാഴ്ച രാവിലെ 9.30ന് മാവേലിക്കര മുനിസിപ്പൽ ടൗൺഹാളിലാണ്. ചടങ്ങിൽ ആർ.രാജേഷ് എം.എൽ.എയുടെ  സാന്നിധ്യത്തിൽ മന്ത്രിമാരായ ജി.സൂധാകരൻ, പി.തിലോത്തമൻ എന്നിവർ സംഭാവനകൾ ഏറ്റുവാങ്ങും. ജില്ലയിലെ എം.പിമാർ, സ്‌പെഷ്യൽ ഓഫീസറായ നികുതി വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ, ജില്ല കളക്ടറുടെ അധിക ചുമതല വഹിക്കുന്ന ഗ്രാമവികസന വകുപ്പ് സെക്രട്ടറി എൻ.പത്മകുമാർ എന്നിവരും പങ്കെടുക്കും. തുടർന്ന്  10.30ന് ഭരണിക്കാവ് ബ്ലോക്ക് ഓഫീസിലും മാവേലിക്കര ധനസമാഹരണത്തിന്റെ തുടർച്ചയുണ്ടാകും. കായംകുളത്തെ യോഗം ഇന്ന്  വൈകീട്ട്  മൂന്നിന് കായംകുളം ടൗൺ ഹാളിലാണ് നടക്കുക. ഇവിടെ യു.പ്രതിഭ എം.എൽ.എ പങ്കെടുക്കും. ഓരോ ധനസമാഹരണകേന്ദ്രത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിൽ ആവശ്യമായ കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓരോ കൗണ്ടറിലേക്കും ആവശ്യമായ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. 

കുട്ടനാട് മണ്ഡലത്തിലെ യോഗം 15ന് രാവിലെ 10ന് കുട്ടനാട് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ യോഗം 16ന്  രാവിലെ 10ന് കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ ഗവൺമെന്റ് എച്ച്.എസ്.എസ്സിലും വൈകീട്ട് നാലിന് ആലപ്പുഴ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലുമായി നടക്കും. ഹരിപ്പാട് മണ്ഡലത്തിലെ പരിപാടി 17ന് രാവിലെ 10ന്്  ഹരിപ്പാട് ദേശീയ  പാതയ്ക്ക് അരികിലുള്ള മാധവ ജങ്ഷനിലെ എൻ.എസ്.എസ്. ഓഡിറ്റോറിയത്തിലും   ആലപ്പുഴ മണ്ഡലത്തിലേത് വൈകീട്ട് മൂന്നിന് കലവൂർ ഗവ. ഹയർസെക്കൻഡറി സകൂളിലും  നടക്കും. അരൂർ മണ്ഡലത്തിലെ ധനസമാഹരണ പരിപാടി 18ന്  രാവിലെ 9.30 ന് പൂച്ചാക്കൽ കമ്മ്യൂണിറ്റി ഹാളിലും 11ന് എരമല്ലൂർ എം.കെ.കൺവെൻഷൻ സെന്ററിലും ആയി നടക്കും. ചേർത്തല മണ്ഡലത്തിലെ യോഗം 18ന് വൈകീട്ട്  മൂന്നിന് ചേർത്തല മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.  ചെങ്ങന്നൂർ മണ്ഡലത്തിലെ യോഗം 20ന് രാവിലെ 10ന് ഐ.എച്ച്.ആർ.ഡി കോളജിലും വൈകീട്ട് മൂന്നിന് മാന്നാർ പഞ്ചായത്ത് ഹാളിലും നടക്കും. സെപ്തംബർ 14 മുതൽ 20 വരെയാണ് ജില്ലയിൽ വിവിധ നിയോജകമണ്ഡലങ്ങളിൽ ധനസമാഹരണം. പ്രളയവുമായി ബന്ധപ്പെട്ട് ജില്ല ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന വീഡിയോ പ്രദർശനവും ഓരോ കേന്ദ്രങ്ങളിലുമുണ്ടാകും. 

date