Skip to main content

പരിസ്ഥിതിക്ക് ഇണങ്ങുന്ന വീടുകള്‍  നിര്‍മ്മിക്കണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

 

പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത തരത്തിലുള്ള വീടുകളാണ് ഇനി നിര്‍മ്മക്കേണ്ടതെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാന ഭവന നിര്‍മ്മാണ വകുപ്പ് പി ടി പി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഹാളില്‍ സംഘടിപ്പിച്ച 'നവ കേരളത്തിന് പുതിയ ഭവന നിര്‍മ്മാണ സാക്ഷരത' എന്ന വിഷയത്തിലെ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കേരളത്തില്‍ കേവല ഭവന നിര്‍മ്മാണമല്ല ആവശ്യം, സമൂഹ നിര്‍മ്മാണമാണ് വേണ്ടത്. അതിന് എല്ലാ രംഗത്തുള്ളവരും ഒറ്റക്കെട്ടായി അണിനിരക്കണം. വികലമായ വികസന സങ്കല്‍പം അപകടങ്ങള്‍ക്ക് കാരണമാകും. ആര്‍ഭാടാതിഷ്ഠിതവും കമ്പോളവത്കൃതവുമായ നിര്‍മ്മാണ നീക്കങ്ങള്‍ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. സാങ്കേതിക വിദ്യയിലൂന്നിയതും നൂതന രീതിയിലുള്ളതുമായ പരിസ്ഥിതി സൗഹൃദ ഭവനങ്ങള്‍ നിര്‍മ്മിക്കാം.  തകര്‍ന്നതെല്ലാം അതേപോലെ പുനര്‍നിര്‍മ്മിക്കുകയല്ല മറിച്ച് നാമെല്ലാം ചേര്‍ന്ന് നവ കേരളത്തെ നിര്‍മ്മിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

  ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, എന്‍.വി ജിതേന്ദ്രന്‍, ജി. ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഹൗസിംഗ് കമ്മീഷണര്‍ ബി അബ്ദുള്‍ നാസര്‍ സ്വാഗതവും ഹൗസിംഗ് ചീഫ് പ്ലാനര്‍ അലക്‌സ് ടി ജോസഫ് നന്ദിയും പറഞ്ഞു.  

   പി.എന്‍.എക്‌സ്.4177/18

date