പൊതുജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനും നിയമപരമായി പരിഹരിക്കാനും കഴിയുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരെയാണ് സമൂഹം ആഗ്രഹിക്കുന്നത്: മന്ത്രി ഒ ആർ കേളു
പൊതുജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനും നിയമപരമായി പരിഹരിക്കാനും കഴിയുന്ന ഉദ്യോഗസ്ഥരെയാണ് സമൂഹം ആഗ്രഹിക്കുന്നതെന്ന് പട്ടികജാതി പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു.മണ്ണന്തല അംബദ്കർ ഭവനിലെ സിവിൽ സർവീസ് അക്കാദമിയിൽ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതി വകുപ്പ് സംഘടിപ്പിച്ച സിവിൽ സർവീസ് പരിശീലനം നടത്തുന്ന വിദ്യാർത്ഥികളുമായുള്ള മുഖാമുഖത്തിൽ
സംസാരിക്കുകയായിരുന്നു മന്ത്രി.
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സേവനം കാര്യക്ഷമമായി താഴെത്തട്ടിലെത്തണമെങ്കിൽ അടിസ്ഥാന ജനവിഭാഗങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയും സാമൂഹിക പ്രതിബദ്ധതയും ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം. സമസ്ത മേഖലകളെയും ബന്ധിപ്പിച്ചുള്ള സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണമാണ് പട്ടി കജാതി വകുപ്പ് നടത്തുന്നത്. അടിസ്ഥാന വിഭാഗങ്ങൾ മുഖ്യധാരയിലേക്ക് കൂടുതൽ എത്തുന്നതിനുള്ള അവസരമൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തടക്കം പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടുന്നു എന്നത് ശ്രദ്ധേയമാണ്.
ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായാണ് സിവിൽസർവ്വീസ് പരീക്ഷയെ കാണുന്നത്. സിവിൽ സർവ്വീസ് പരിശീലനം എന്നത് ഏകാഗ്രതയോടെ രണ്ടോ മൂന്നോ വർഷം കഠിന പരിശ്രമം നടത്തി നേടിയെടുക്കേണ്ട ഒന്നാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അനുഭവിച്ചും മനസ്സിലാക്കിയും ഇന്ത്യൻ സിവിൽ സർവ്വീസിലേയ്ക്ക് കടന്നുവരുന്ന കുട്ടികൾക്ക് ഈ മേഖലയിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കാൻ കഴിയുന്നുവെന്നത് അടുത്തകാലത്തെ റിസൽട്ടുകൾ നോക്കിയാൽ കാണാൻ കഴിയും.
പട്ടികവിഭാഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി നടപ്പിലാക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണ് ലക്ഷ്യ. സ്‌കോളർഷിപ്പ് ലഭിക്കുന്നവർക്ക് കോഴ്‌സ് ഫീസ്, ബുക്ക് കിറ്റ് അലവൻസ്, ഹോസ്റ്റൽ ഫീസ്, സ്റ്റൈപന്റ്, ടെസ്റ്റ് സീരീസ് പ്രിലിമിനറി, മെയിൻസ് പരീക്ഷകൾക്ക് ഉൾപ്പെടെ ആവശ്യമായ ധനസഹായം നൽകുന്നു. ഈ പദ്ധതി പ്രകാരം 2023-24 വർഷം 60 വിദ്യാർത്ഥികൾക്കായി 1.68 കോടി രൂപ ധനസഹായം നൽകി.
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് രാജ്യത്തിനകത്തുള്ള ഏത് പരിശീലന കേന്ദ്രത്തിലും പഠനം നടത്തുവാൻ സാധിക്കുന്ന രീതിയിൽ പദ്ധതി പുനഃക്രമീകരിച്ചു. 2020-21 വർഷം നടന്ന സിവിൽ സർവീസ് പരീക്ഷയിൽ, ലക്ഷ്യ സ്‌കോളർഷിപ്പ് വിദ്യാർത്ഥിയായ ശ്രീധന്യയ്ക്ക് 631- ാം റാങ്ക് ലഭിച്ചു. കെ.എ.എസ്. പരീക്ഷയിലും ലക്ഷ്യ സ്‌കോളർഷിപ്പ് വിദ്യാർത്ഥികൾ ഉന്നതവിജയം കരസ്ഥമാക്കി.
ഓരോ വർഷവും 60 പേരെ തിരഞ്ഞെടുത്ത് രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നതിന് പുറമേ സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും നൽകുന്നുണ്ട്. ഐഎഎസ്, ഐപിഎസ്, ഐആർഎസ് ഉൾപ്പെടെയുള്ള വിവിധ സർവ്വീസുകളിൽ ഇതേവരെയായി 15 പേർക്ക് നിയമനം ലഭ്യമായത് കൂടാതെ കഴിഞ്ഞ 4 വർഷങ്ങളിലായി 17ഓളം പേർക്ക് പ്രിലിമിനിറി പരീക്ഷയിൽ വിജയം നേടനാമായിട്ടുണ്ട്. മണ്ണന്തലയിലെ സിവിൽ സർവ്വീസ് അക്കാദമിയിൽ മികച്ച ലൈബ്രറി സൗകര്യമാണ് വകുപ്പ് ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
രജിസ്‌ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷ്, ലോട്ടറി വകുപ്പ് ഡയറക്ടർ റെൻ എബ്രഹാം, യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ കെ മുരുകൻ എന്നിവർ ക്ലാസുകൾ നയിച്ചു. പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ സജീവ്, ജോയിന്റ് ഡയറക്ടർ സിന്ധു പരമേശ്, ഐ സി എസ് ഇ റ്റി എസ് പ്രിൻസിപ്പൽ അരവിന്ദാക്ഷൻ ചെട്ടിയാർ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്. 4503/2024
- Log in to post comments