വയനാട് പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് സംഭാവന നൽകാം
വയനാട് ദുരന്ത പശ്ചാത്തലത്തിൽ 2024 ജൂലൈ 30 മുതൽ സിഎംഡിആർഎഫ് അക്കൗണ്ടുകളിലേക്ക് നൽകിയ പുതിയ സംഭാവനകൾ വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലെ ക്യുആർ കോഡ് തെറ്റായി നിർമ്മിക്കുവാനും വ്യാജ കോഡുകൾ ഉപയോഗിക്കാനുമുള്ള സാധ്യത മുൻകൂട്ടികണ്ട് സിഎംഡിആർഎഫ് ഡൊണേഷൻ പോർട്ടലിൽ നിന്നും ബാങ്കുകളുടെ ക്യുആർ കോഡുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം കൂടാതെ ചില രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സംഘടനകളും കൂട്ടായ്മകളും സന്നദ്ധ പ്രവർത്തകരും മറ്റും ദുരിതബാധിതരെ സഹായിക്കുന്നതിനായി ധനസമാഹരണം നടത്തി വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നിരുൽസാഹപ്പെടുത്തേണ്ടതാണ്.
https://donation.cmdrf.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായും പോർട്ടലിൽ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കും ട്രഷറിയിലൂടെയും ടി.പി 80 എന്ന ട്രഷറി അക്കൗണ്ടിലേക്കും യുപിഐ വഴിയും, മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് സംഭാവനകൾ നൽകുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുള്ള സാഹചര്യത്തിൽ മറ്റ് തരത്തിലുള്ള ധനസമാഹരണ മാർഗ്ഗത്തിൽ നിന്നും വിട്ടു നിൽക്കണം.
വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വസത്തിനും പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും വേണ്ടി ദുരിതാശ്വാസനിധി (സി.എം.ഡി.ആർ.എഫ്) ലേക്ക് നൽകുന്ന സംഭാവനകളുടെ കണക്ക് (ദിവസം തോറും ഉള്ള അപ്ഡേഷൻസ് സഹിതം) https://donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എന്നാൽ പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും മറ്റുമായി നിലവിൽ ലഭ്യമായ തുക പര്യാപ്തമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് കൂടുതൽ സംഭാവനകൾ നൽകി പുനരധിവാസ പുനർനിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്നും ധനകാര്യവകുപ്പ് കുറിപ്പിൽ അറിയിച്ചു.
പി.എൻ.എക്‌സ്. 4520/2024
- Log in to post comments