മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സ്പീക്കറുടെ ഇടപെടല്‍
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന 14 നില ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീറിന്റെ അധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ നിര്‍വ്വഹണ ഏജന്‍സിയായ വാപ്കോസിനും കരാര്‍ ഏറ്റെടുത്ത മലാനി കണ്‍സ്ട്രക്ഷനും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് യോഗം വിലയിരുത്തി. നേരത്ത വെറ്റ് ചെയ്ത ഡിസൈന്‍ ഓരോ നിലകള്‍ക്കും ഐഐടിയെകൊണ്ട് വീണ്ടും വെറ്റ് ചെയ്യിക്കണമെന്ന കിഫ്ബി ഇന്‍സ്പെക്ഷന്‍ വിംഗിന്റെ നിര്‍ദ്ദേശം കാലതാമസത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യത്തില്‍ പുനഃപരിശോധന നടത്തുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 15ന് കിഫ്ബി സി.ഇ.ഒ.യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും. ഐഐടി വെറ്റിംഗ് ആവശ്യമുള്ള പക്ഷം അത് വേഗത്തിലാക്കുന്നതിന് നടപടിയെടുക്കാമെന്നും കിഫ്ബി പ്രതിനിധി അറിയിച്ചു. പ്രോജക്ടിന്റെ തുടര്‍ന്നുള്ള മേല്‍നോട്ടത്തിനായി എം.സി.സി. ഡയറക്ടര്‍ ഡോ. സതീഷ് ബി., സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാര്‍, കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി.എ. ഷൈല, ടെക്നിക്കല്‍ കമ്മിറ്റി ഹെഡ് കെ. ശ്രീകണ്ഠന്‍ നായര്‍, വാപ്കോസ് റീജിയണല്‍ മാനേജര്‍ ദീപങ്ക് അഗര്‍വാള്‍, മലാനി കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രതിനിധി രാമകൃഷ്ണന്‍ ഗോവിന്ദന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ആറംഗ സമിതിയെ ബഹു. സ്പീക്കര്‍ ചുമതലപ്പെടുത്തി. തടസ്സങ്ങള്‍ നീക്കി പ്രോജക്ട് സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സ്പീക്കര്‍ കര്‍ശനനിര്‍ദ്ദേശം നല്‍കി.
- Log in to post comments