Skip to main content

ഇനി വാട്സ് ആപ്പിലൂടെയും പരാതി നൽകാം

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ വാട്സ് ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിന് തുടക്കം കുറിച്ചു. കേരളപ്പിറവി ദിനത്തിൽ കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് വാട്സ് ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. ഇനി മുതൽ ലോകത്തിന്റെ ഏത് കോണിൽ നിന്നും സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് കമ്മീഷനിൽ ഞൊടിയിടയിൽ പരാതി സമർപ്പിക്കാനാകും.
 
നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തന്നെ വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള അവകാശങ്ങളും നീതിയും ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് വിഭാഗങ്ങളിലെ ജനങ്ങൾക്ക് അനുവദിച്ച് നൽകിയ നീതി നടപ്പാക്കാൻ ന്യൂനപക്ഷ കമ്മീഷൻ നടത്തുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഡോ. രേണുരാജ് പറഞ്ഞു. 9746515133 എന്ന വാട്സ് ആപ് നമ്പറിലാണ് പരാതികൾ സമർപ്പിക്കേണ്ടത്.

 
തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അധ്യക്ഷത വഹിച്ചു. കമ്മീഷൻ പ്രവർത്തനം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാട്സ് ആപ്പ് മുഖേന പരാതി നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളതെന്നും സംസ്ഥാനത്തെ 46 ശതമാനം  വരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സാമ്പത്തിക ചെലവില്ലാതെ പരാതി നൽകുന്നതിനും, പരാതി പരിശോധിച്ച് റിപ്പോർട്ടുകൾ സ്വീകരിച്ച് ആവശ്യമായ തെളിവുകൾ ശേഖരിച്ച് ഉത്തരവ് നൽകുന്നതിനും വാട്സ് ആപ് സംവിധാനം നിലവിൽ വന്നതോടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷൻ അംഗങ്ങളായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ, മെമ്പർ സെക്രട്ടറി നിസാർ എച്ച്, രജിസ്ട്രാർ ഗീത എസ് എന്നിവർ സംസാരിച്ചു. വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കൾ സംബന്ധിച്ചു.

date