ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ; നാല് പരാതികളിൽ തീർപ്പ്
ന്യൂനപക്ഷ സ്കോളർഷിപ്പ്-സ൪ക്കാ൪ തീരുമാനം ആശ്വാസകരമെന്ന് കമ്മീഷ൯*
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ദീന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സിറ്റിംഗിൽ നാലു പരാതികൾ തീർപ്പാക്കി. ന്യൂനപക്ഷ സ്കോളർഷിപ്പ്, പി.എസ്.സി നിയമനം, സർവീസ് ആനുകൂല്യം ലഭ്യമാക്കൽ തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചു.
നോർത്ത് പറവൂർ സ്വദേശിയാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് വിഹിതം നിജപ്പെടുത്തിയ വിഷയത്തിൽ പരാതി സമർപ്പിച്ചിരുന്നത്. പരാതി പരിഗണിച്ച കമ്മീഷൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് തുക നിജപ്പെടുത്തിയ 2025 ജനുവരി 15 ലെ ഉത്തരവ് റദ്ദ് ചെയ്ത കാര്യം കമ്മീഷനെ അറിയിച്ചു.
ഇതിനുപുറമേ കേന്ദ്രസർക്കാർ പ്രീമെട്രിക് സ്കോളർഷിപ്പിനായി നൽകിവന്നിരുന്ന തുക കഴിഞ്ഞ മൂന്നു വർഷമായി ലഭിക്കുന്നുണ്ടായിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ മാർഗ ദീപം എന്ന പേരിൽ പ്രത്യേക പദ്ധതി രൂപീകരിക്കുകയും ബജറ്റിൽ ഒരു വർഷത്തേക്ക് 9 കോടി രൂപ നീക്കിവെക്കുകയും ചെയ്തിരുന്നു. ആ തുക 20 ഇപ്പോൾ കോടിയാക്കി ഉയർത്തി. തുക നിജപ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തീരുമാനവും ഉണ്ടായത്. ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ തീരുമാനമാണ് പരാതിയിലൂടെ ഉണ്ടായതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
പി.എസ്.സി നിയമനം ലഭിച്ചതിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എറണാകുളം പെരിങ്ങൽ സ്വദേശിയായ യുവതി കമ്മീഷനെ സമീപിച്ചത്. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നടത്തിയ പൊതു പരീക്ഷ പാസായ യുവതിക്ക് കൊല്ലത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ക്ലർക്ക് ആയാണ് നിയമനം ലഭിച്ചത്. നിലവിൽ നിയമനം ആവശ്യമില്ല എന്ന സ്ഥാപനത്തിന്റെ നിലപാട് നിലനിൽക്കെയാണ് പി.എസ്.സി തിരഞ്ഞെടുത്തു എന്നതിന്റെ പേരിൽ യുവതിക്ക് ഇവിടെ ജോലി നൽകിയത്. റാങ്ക് പട്ടികയിൽ ഇവ൪ക്ക് പിന്നിലായിരുന്നവ൪ക്ക് മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുകയും ചെയ്തു എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് പി.എസ്.സിയും പൊതുമേഖലാ സ്ഥാപനവും കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച കമ്മീഷൻ സർക്കാർതലത്തിലെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ എന്നതുകൊണ്ട് നടപടിക്കായി ശുപാർശ ചെയ്തു. അനുഭാവപൂർണ്ണമായ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.
ഒക്കൽ ഗ്രാമപഞ്ചായത്തിൽ ക്ലർക്ക് ആയി ജോലി ചെയ്തിരുന്ന എടവനക്കാട് സ്വദേശി സർവീസ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതി സർക്കാർതലത്തിൽ തീരുമാനമെടുക്കാൻ കൈമാറി.
ഫോർട്ട് കൊച്ചി സ്വദേശി, തന്റെ അഭിഭാഷകൻ വഞ്ചിച്ചു എന്ന പേരിൽ നൽകിയ പരാതി കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ നടപടികൾ അവസാനിപ്പിച്ചു തീർപ്പാക്കി.
- Log in to post comments