Skip to main content

സ്ത്രീകൾക്ക് സംരക്ഷണം വേണ്ടത് സഹജീവികളിൽ നിന്നാണെന്ന് വനിതാ കമ്മീഷ൯

*പോഷ് ആക്ട് 2013 ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു*

 

 

സ്ത്രീകൾക്ക് സംരക്ഷണം വേണ്ടത് സഹജീവികളിൽ നിന്നാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. എല്ലായിടത്തും സ്ത്രീകളെ കേവലം ഉപഭോഗ വസ്തുവായാണ് കാണുന്നത്. ഇത് മാറ്റിയെടുക്കണമെങ്കിൽ സഹജീവിയായി കാണാനുള്ള മനോഭാവം സമൂഹത്തിൽ നിന്നും ഉണ്ടാവണം. വനിത കമ്മീഷന്റെ നേതൃത്വത്തിൽ പോഷ് ആക്ട് 2013 നെ സംബന്ധിച്ച് സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അധ്യക്ഷ. 

 

മു൯കാലത്തെ അപേക്ഷിച്ച് സ്ത്രീകൾ തൊഴിലിടങ്ങളിലേക്ക് കൂടുതലായി വരുന്നുണ്ട്. സ്ത്രീകൾ കുടുംബത്തിന്റെ വിളക്കായി മാത്രം നിറഞ്ഞ് നിൽക്കണമെന്ന വിശ്വാസമാണ് പണ്ടുണ്ടായിരുന്നത്. നിരവധി ചുമതലകൾ പൂർത്തീകരിച്ച ശേഷമാണ് സ്ത്രീകൾ തൊഴിലിടങ്ങളിൽ എത്തുന്നത്. 

 

ബ്രിട്ടീഷ് ഇന്ത്യയിൽ തന്നെ ശക്തമായ സ്ത്രീ നിയമങ്ങളുണ്ട്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഇത്തരം സംരക്ഷണ നിയമങ്ങൾ കടന്നു വരുന്നുണ്ട്. വനിതാ കമ്മീഷനും സ്ത്രീസംരക്ഷണ നിയമങ്ങളും ഒരിക്കലും പുരുഷന്മാർക്ക് എതിരല്ല. ഇവ പുരുഷന്മാർക്ക് എതിരാണ് എന്ന കാഴ്ചപ്പാടാണ് പൊതുവെ കാണുന്നത്. പുരുഷ മേധാവിത്വം നിറഞ്ഞുനിൽക്കുന്ന സാമൂഹിക ചുറ്റുപാടിൽ സ്ത്രീകൾക്ക് പ്രത്യേക പരിരക്ഷ നൽകണമെന്ന് ഭരണഘടന തന്നെ അനുശാസിക്കുന്നതിനാലാണ് സംരക്ഷണ നിയമങ്ങൾ ഉണ്ടാകുന്നത്. 

 

രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ ബൻവാരി ദേവി എന്ന സാമൂഹ്യപ്രവർത്തക തന്റെ തൊഴിലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്തതാണ് പോഷ് ആക്ടിന് വഴിയായത്. 2013ൽ നിയമം നിലവിൽ വന്നെങ്കിലും ശരിയായ അർത്ഥത്തിൽ ഇനിയും നടപ്പിലാക്കിയിട്ടില്ല. സ്ത്രീകൾ തൊഴിലിടങ്ങളിൽ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. 

 

നിയമം നടപ്പിലാക്കി ഒരു വ്യാഴവട്ടക്കാലത്തിനു ശേഷവും നിയമം സംബന്ധിച്ച് ബോധവൽക്കരണം നടക്കുകയാണ്. പോഷ് ആക്ട് നിയമം സംബന്ധിച്ച് പലർക്കും അറിയില്ല. തൊഴിലിടങ്ങളിൽ എന്തെങ്കിലും വിധത്തിൽ സ്ത്രീകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അത്തരം പരാതികൾ ബന്ധപ്പെട്ടവരെ അറിയിക്കണം. അതിനാലാണ് തൊഴിലിടങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചും പരാതികൾ ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചും വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷ പറഞ്ഞു. 

 

ഫോറം മാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫോറം മാൾ എ.ജി.എം എ സി സജീഷ് അധ്യക്ഷത വഹിച്ചു. അഡ്വ എം പ്രഭ പോഷ് ആക്ട് 2013 സംബന്ധിച്ച് വിഷയാവതരണം നടത്തി. വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, വനിത കമ്മീഷൻ അംഗം എലിസബത്ത് മാമൻ മത്തായി, വനിതാ കമ്മീഷൻ പ്രോഗ്രാം ഓഫീസർ എൻ ദിവ്യ, ഫോറം മാൾ എച്ച് ആർ മാനേജർ എലിസബത്ത് ടോം, അക്കൗണ്ട്സ് അസിസ്റ്റന്റ് മാനേജർ ഭരത് ബാലചന്ദ്രൻ, മാൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date