Skip to main content

നെഹ്‌റു ട്രോഫി വള്ളംകളി; സമ്മാനത്തുക കൂട്ടി

ആലപ്പുഴ: മാറ്റിവെച്ച അറുപത്തിയാറാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് സാക്ഷ്യം വഹിക്കാൻ നവംബർ 10ന് പുന്നമടയിലെ പൊന്നോളങ്ങൾ  തയ്യാറെടുക്കുമ്പോൾ മത്സരത്തിൽ ഏറ്റവും മുന്നിലെത്തുന്ന 10 വള്ളങ്ങൾക്ക് സമ്മാനത്തുക വർദ്ധിപ്പിക്കാൻ ആസൂത്രണസമിതി ഹാളിൽ ചേർന്ന നെഹ്‌റുട്രോഫി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ തീരുമാനമായി.  പ്രളയാനന്തരം വള്ളംകളി മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായപ്പോൾ ടീമുകൾക്കും ക്ലബ്ബകൾക്കുമുണ്ടായ ഭീമമായ നഷ്ടത്തിന് പരിഹാരം കാണുന്നതിനായാണ് സമ്മാനത്തുക വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് അധ്യക്ഷത വഹിച്ച ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കുട്ടനാട് അതിജീവിക്കണം. ടൂറിസം ഉൾപ്പടെയുള്ള മേഖലകൾക്ക് ഉണർവ് ഉണ്ടാക്കുവാൻ കൂടിയാണ് സർക്കാർ വള്ളം കളി നടത്താൻ അനുമതി നൽകിയത്.  നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ 81 വള്ളങ്ങൾ മത്സരത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയും ഉണ്ട്.  രജിസ്റ്റർ ചെയ്ത 20 ചുണ്ടൻവള്ളങ്ങൾ മത്സരത്തിനിറങ്ങുമ്പോൾ പ്രദർശന മത്സരത്തിൽ അഞ്ച് ചുണ്ടൻവള്ളങ്ങൾ കൂടി പങ്കെടുക്കുന്നു. മറ്റു വളങ്ങൾ 56 എണ്ണം ഉൾപ്പടെ 81 വള്ളങ്ങൾ പുന്നമടയുടെ ഓളപ്പരപ്പുകളിൽ ആവേശം വിതറാൻ ഇത്തവണ രംഗത്തുണ്ടാകും.  മന്ത്രി ടി എം തോമസ് ഐസക്കിനെ അധ്യക്ഷതയിൽ കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വള്ളം കളിയുടെ ഒരുക്കങ്ങൾ വിലയിരുത്തി. പന്തൽ നിർമ്മാണം 40 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. പവലിയൻ, പന്തൽ, ട്രാക്ക് എന്നിവ തയ്യാറാക്കി വരികയാണ്. നവംബർ നാലോടെ പന്തൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തവണ സ്റ്റാർട്ടിങ് കർശനമായ നിബന്ധനകളോടെയാണ് നടപ്പിലാക്കുന്നത്. സ്റ്റിൽ സ്റ്റാർട്ടിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു.  ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ കൃത്യത മത്സര ഫലത്തിൽ കൊണ്ടുവരും.  പതിവു പോലുള്ള മെക്കാനിക്കൽ ഡിവൈസ് മുൻപിലും ഒരുമിച്ചുള്ള സ്റ്റാർട്ടിങ്ങിന് വള്ളങ്ങളെ പിടിച്ചു നിർത്തുന്നതിനുള്ള സംവിധാനം പിന്നിലും ഉണ്ടാവും.  കൂടാതെ 10 മീറ്റർ ട്രാക്കിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ നാലുമീറ്റർ ഉള്ള സ്റ്റാർട്ടിങ് ചേംബർ ഉണ്ട്. സെക്കൻഡിൽ ആയിരത്തിലധികം ഫോട്ടോകൾ എടുക്കുന്ന ലിനക്‌സ് ക്യാമറ ഉപയോഗിച്ചുള്ള ഫിനിഷിംഗ് രേഖപ്പെടുത്തൽ സമയം കൃത്യതയോടെ അറിയാൻ സഹായിക്കും. ഡിജിറ്റൽ ടൈമിംഗ് ഇത്തവണത്തെ പ്രത്യേകതയാണ്. 

 

date