Skip to main content

എന്റെ കേരളം വേദിയെ 'തൊട്ടറിഞ്ഞ്' തിരൂരങ്ങാടി തൃക്കുളം സ്‌കൂളിലെ ബ്രൈലി സാക്ഷരതാ വിദ്യാര്‍ത്ഥികള്‍

കാഴ്ചയുടെ വര്‍ണ്ണ വിസ്മയങ്ങള്‍ നേരിട്ടറിയുന്നില്ലെങ്കിലും എന്റെ കേരളം പ്രദര്‍ശന വിപണന മേള തൊട്ടും കേട്ടും മനസ്സിലാക്കി തിരൂരങ്ങാടി തൃക്കുളം സ്‌കൂളിലെ ബ്രയിലി സാക്ഷരത വിദ്യാര്‍ഥികള്‍.  ആടിയും പാടിയും മത്സരങ്ങളില്‍ പങ്കെടുത്തും ഇവര്‍ മേളയുടെ ഭാഗമായി. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചും ബ്രെയിലി ലിപിയില്‍ എഴുതിയും വായിച്ചും അവര്‍ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി.  പ്രദര്‍ശന വിപണന മേള തുടങ്ങിയത് മുതല്‍ സാക്ഷരതാ മിഷന്‍ സ്റ്റാളില്‍ സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ മേള കാണാന്‍ എത്തുന്നവര്‍ക്ക് അവരുടെ ബ്രെയിലി ലിപിയും മറ്റ് ഉപകരണങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. തൃക്കുളം സ്‌കൂളില്‍ 25 ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇവരെ ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവ കളിക്കാനും പഠിപ്പിക്കുന്നുണ്ടെന്ന്  സ്റ്റോളിലെത്തിയ സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ദീപ ജെയിംസ് പറഞ്ഞു. മറിയുമ്മു ആണ് വിദ്യാര്‍ത്ഥികളുടെ ഇന്‍സ്ട്രക്ടര്‍. വിദ്യാര്‍ത്ഥി കൂട്ടത്തില്‍ നിന്നും സജീവ കലാകാരിയായ ശ്രുതി തനിക്ക് ഇഷ്ട നായകനായ ദളപതി വിജയിയെ നേരില്‍ കാണണമെന്ന ആഗ്രഹവും പങ്കുവച്ചു. സാക്ഷരതാ മിഷന്റെ 'ദീപ്തി' പദ്ധതി പ്രകാരമാണ് ബ്രെയിലി സാക്ഷരത നടപ്പാക്കുന്നത്. ജില്ലയിലെ സാക്ഷരത പഠിപ്പിക്കുന്ന ഏക സ്‌കൂളും കൂടിയാണ് തിരൂരങ്ങാടി തൃക്കുളം സ്‌കൂള്‍.

date