Skip to main content

ദേവസ്വം വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്നത് അടിസ്ഥാനരഹിതമായ പ്രചാരണം:  മുഖ്യമന്ത്രി

 

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ ദൈനംദിന വരുമാനം ഇതര ചെലവുകള്‍ക്കായി സര്‍ക്കാര്‍ വിനിയോഗിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാം മുന്നോട്ട് പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.  ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, റോഡ് വികസനം എന്നിവയ്ക്കുള്‍പ്പെടെ പ്രതിവര്‍ഷം നല്ലൊരുതുക സര്‍ക്കാര്‍ വിനിയോഗിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.  

വിവിധ ദേവസ്വങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നതായി ബോധപൂര്‍വം ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയും വര്‍ഗീയ പ്രചരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നു.  ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ ചില ശുദ്ധാത്മാക്കള്‍ വിശ്വസിക്കുകയാണ്.

ശബരിമല തീര്‍ത്ഥാടനകേന്ദ്രം മികവുറ്റതാക്കി തീര്‍ക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ച് വരികയാണ്.  ആചാരങ്ങളില്‍ മാറ്റം വരുമ്പോള്‍ എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണ്.  ഇനിയൊരു പിറകോട്ടു പോക്കുണ്ടാകില്ല.  ഭക്തരായ സ്ത്രീകള്‍ക്ക് ആവശ്യമായ ശൗചാലയം, കുളിക്കുന്നതിനുള്ള സംവിധാനം, നിലയ്ക്കലില്‍ താമസിക്കുന്നതിനുള്ള സ്ഥലസൗകര്യങ്ങള്‍ എന്നിവ ഒരുക്കണം.  ഇപ്പോഴുള്ള പ്രതിസന്ധികള്‍ താല്കാലികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്നിധാനത്ത് സ്ഥിരമായി തങ്ങുന്ന ചില ആളുകളുണ്ട്.  അവര്‍ അയ്യപ്പദര്‍ശനം കഴിഞ്ഞാല്‍ തിരിച്ചു പോകണം. ശബരമിലയുടെയും സന്നിധാനത്തിന്റെയും പവിത്രത നിലനിര്‍ത്തുമെന്നും  അതിന് കളങ്കം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംവാദത്തില്‍  മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, മുന്‍ ലോക്‌സഭാ സെക്രട്ടറി പി.ഡി.റ്റി ആചാരി, എഴുത്തുകാരായ കെ.ആര്‍. മീര, അശോകന്‍ ചരുവില്‍, സ്വാമി സന്ദീപാനന്ദഗിരി എന്നിവര്‍ പങ്കെടുത്തു.  അരമണിക്കൂര്‍ നീളുന്ന പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് ഞായറാഴ്ച രാത്രി ഏഴു മുതല്‍ വിവിധ വാര്‍ത്താ ചാനലുകളില്‍ സംപ്രേഷണം ചെയ്യും.

പി.എന്‍.എക്‌സ്.4987/18

date