Skip to main content

കേരളം മാധ്യമ സ്വാതന്ത്ര്യത്തില്‍ മുന്നില്‍ : ജോണ്‍ ബ്രിട്ടാസ് എം.പി

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഏറ്റവും അധികമുള്ളത് കേരളത്തിലാണെന്നും ഇത് ദു:സ്വാതന്ത്ര്യമാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ടെങ്കിലും ഈ സ്വാതന്ത്ര്യം അനിവാര്യതയാണെന്ന് രാജ്യസഭാംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു. കൊച്ചിയില്‍ കേരള മീഡിയ അക്കാദമിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ പി.ജി.ഡിപ്ലോമ 2025-26 ബാച്ചിന്റെ പ്രവേശനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാര്‍ത്തയും പുറത്ത് കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് അവസരമുണ്ടായിട്ടില്ല. പല മേഖലകളില്‍ നിന്നുമുള്ള ഗുരുതരമായ വാര്‍ത്തകള്‍ പോലും മാധ്യമങ്ങള്‍ തിരസ്‌കരിക്കുകയാണ്. അപ്രിയ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ നിരന്തരം വേട്ടയാടപ്പെടുന്നൊരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട്് പുതിയ തലമുറയിലെ മാധ്യമ വിദ്യാര്‍ത്ഥികള്‍ ഈ രംഗത്തേക്ക് കൂടുതല്‍ ശക്തിയോടെ കടന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു

കഴിഞ്ഞ 40 വര്‍ഷമായി മാധ്യമ പ്രവര്‍ത്തനത്തെ ഒരു ലഹരിയായി കൊണ്ടു നടക്കുന്നതുകൊണ്ടാണ് ഇപ്പോഴും ഈ രംഗത്ത് സജീവമായിരിക്കുന്നതെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. അര്‍പ്പണബോധവും കഠിനാധ്വാനവും കൈമുതലായി ഉള്ളവര്‍ക്കു മാത്രമേ ഈ മേഖലയില്‍ വിജയം കൈവരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിച്ചു. അക്കാദമി മുന്‍ ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ തോമസ് ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി.എല്‍ തോമസ്, അധ്യാപകരായ വിനീത വി.ജെ, വിഷ്ണുദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

 

date