Skip to main content
കണ്ണപുരം ഹരിതകർമ്മസേനയുടെ ഡിഷ്‌ വാഷ് യൂണിറ്റ്

മാതൃകാപരം, കണ്ണപുരം ഹരിത കർമ്മസേനയുടെ ഹരിത സംരംഭങ്ങൾ

മാസം തോറും വീടുകളിൽ നിന്ന് മാലിന്യമെടുക്കാൻ വരുന്ന ഹരിതകർമ്മ സേനകളിൽ നിന്നും വ്യത്യസ്തമാവുകയാണ് കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ. പ്ലാസ്റ്റിക്കും പഴന്തുണികളുമെല്ലാം ഇവർക്ക് വരുമാനത്തിന്റെ മറ്റൊരു മുഖമാണ്. എൽഇഡി ബൾബ് റിപ്പയറിങ്ങ്, പൂച്ചെട്ടി, തുണിസഞ്ചി, ഇനോക്കുലം, ചകിരി കമ്പോസ്റ്റ് എന്നിവയുടെ നിർമ്മാണം, ഹരിത മംഗല്യം, ഡിഷ് വാഷ് യൂണിറ്റ്, ക്ലീനിങ് യൂണിറ്റ് എന്നിങ്ങനെ എട്ട് യൂണിറ്റുകളാണ് ഇവരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നത്. 14 വാർഡുകളിലെ നാല് ക്ലസ്റ്ററുകളിലായി 28 ഹരിത സേനാംഗങ്ങളാണ് സംരംഭങ്ങൾ നടത്തുന്നത്. ഒരു ക്ലസ്റ്ററിലെ ഒന്ന് വീതം അംഗങ്ങൾ ചേർന്നാണ് ഒരു സംരംഭം നടത്തുന്നത്. അതിനാൽതന്നെ എല്ലാ അംഗങ്ങളും എല്ലാ സംരംഭങ്ങളുടെയും ഭാഗമാകും. യൂസർ ഫീക്ക് പുറമെ ഈ സംരംഭങ്ങൾ ഇവരുടെ വരുമാനം വർധിപ്പിക്കുന്നു. 

കളക്ഷൻ കലണ്ടർ പ്രകാരം വീടുകളിൽ നിന്നും ശേഖരിക്കുന്ന തുണികൾ പൂർണമായും അണുവിമുക്തമാക്കി സിമന്റ് ഉപയോഗിച്ചാണ് ചെടിച്ചട്ടി നിർമ്മിക്കുന്നത്. ചെറുത്, മീഡിയം, വലുത് വലുപ്പത്തിൽ ചെടിച്ചെട്ടികൾ ലഭിക്കും. വലുപ്പവും ഡിസൈനും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഒരു ചട്ടിക്ക് 50 മുതൽ 100 രൂപ വരെ വില ലഭിക്കുന്നുണ്ട്. കേടായ എൽഇഡി ബൾബ് വീടുകളിൽ നിന്ന് ശേഖരിച്ച് നിശ്ചിത സർവീസ് ചാർജ് ഈടാക്കി റിപ്പയർ ചെയ്ത് നൽകുന്നത് വരുമാനത്തിനൊപ്പം പാരിസ്ഥിതിക ദോഷവും മാലിന്യവും കുറയ്ക്കാൻ സഹായിക്കുന്നു. നിലവിൽ അഞ്ചുപേർക്കാണ് എൽഇഡി ബൾബ് റിപ്പയറിങ്ങിൽ പരിശീലനം ലഭിച്ചിട്ടുള്ളത്. 40 രൂപവരെയാണ് ഒരു ബൾബ് റിപ്പയറിങ്ങിന് ഈടാക്കുന്നത്. തുണി സഞ്ചി നിർമ്മാണ യൂണിറ്റിയിൽ ആദ്യഘട്ടത്തിൽ കുടത്തുണി ഉപയോഗിച്ച് നിർമിക്കുന്ന സഞ്ചികൾ മത്സ്യ മാർക്കറ്റുകളിലാണ് വിതരണം ചെയ്തത്. രണ്ടാംഘട്ടത്തിൽ വീടുകളിൽ നിന്നും ശേഖരിക്കുന്ന തുണി ഉപയോഗിച്ച് സഞ്ചി ഉണ്ടാക്കി ആവശ്യക്കാർക്കും കടകളിലേക്കുമാണ് നൽകുന്നത്. പ്രതിമാസം 100 മുതൽ 200 സഞ്ചികൾ ഇത്തരത്തിൽ വിറ്റഴിക്കുന്നുണ്ട്. ഒരു തുണി സഞ്ചിക്ക് അഞ്ചു രൂപ മുതലാണ് ഈടാക്കുന്നത്.

പഞ്ചായത്തിലെ 95 ശതമാനം വീടുകളിലും റിങ്ങ് കമ്പോസ്റ്റോ പൈപ്പ് കമ്പോസ്റ്റോ സ്ഥാപിച്ചിട്ടുണ്ട്. ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് വളമാക്കി മാറ്റുന്നത് കണക്കിലെടുത്താണ് ഇനോക്കുലം നിർമ്മാണ യൂണിറ്റും ചകിരി കമ്പോസ്റ്റ് യൂണിറ്റും പ്രവർത്തിക്കുന്നത്. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും വാങ്ങിയാണ് ഇനോക്കുലവും ചകിരി കമ്പോസ്റ്റും വിൽപന നടത്തുന്നത്. വിവാഹം പോലുള്ള വിശേഷ അവസരങ്ങളിൽ ഹരിത പ്രോട്ടോകോൾ പാലിച്ച് സ്റ്റീൽ ഗ്ലാസ്, സ്റ്റീൽ പ്ലേറ്റ്, ക്രോക്കറി പ്ലേറ്റ് എന്നിവ എത്തിച്ചുനൽകിയാണ് ഹരിതമാംഗല്യം യൂണിറ്റ് പ്രവർത്തിക്കുന്നത്. ഒരു പ്ലേറ്റിന് രണ്ട് രൂപയാണ് നിരക്ക്. ആവശ്യമെങ്കിൽ ഉപയോഗിച്ച പാത്രങ്ങൾ വൃത്തിയാക്കിയും നൽകുന്നുണ്ട്. മാസത്തിൽ അഞ്ചു മുതൽ പത്തുവരെ വിവാഹങ്ങൾക്കുള്ള ഓർഡർ ലഭിക്കുന്നുണ്ട്. കാറ്ററിങ് സർവീസ് യൂണിറ്റുമായി ചേർന്ന് കരാർ വ്യവസ്ഥയിൽ പ്ലേറ്റുകളും മറ്റും കഴുകി നൽകുന്ന ഡിഷ് വാഷിങ്ങ് യൂണിറ്റാണ് ഇവരുടെ മറ്റൊരു സംരംഭം. ഇതിലേക്ക് ആവശ്യമായ ഡിഷ് വാഷിംഗ് മെഷീൻ ലഭ്യമാക്കിയത് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്താണ്. മാസത്തിൽ 20 മുതൽ 25 ദിവസം വരെ ഈ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. പ്രതിമാസം ശരാശരി 10000 പാത്രങ്ങൾ വരെ ഇത്തരത്തിൽ വൃത്തിയാക്കി നൽകുന്നുണ്ട്. ഹരിത കേരളം മിഷന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് സംരംഭം പ്രവർത്തിക്കുന്നത്.

പൂട്ടിക്കിടക്കുന്ന വീട്, നിർമ്മാണം പൂർത്തിയാക്കിയ വീട് എന്നിവ കരാർ വ്യവസ്ഥയിൽ ശുചീകരിച്ചു നൽകുന്ന ക്ലീനിങ്ങ് യൂണിറ്റിൽ മണിക്കൂറിൽ എത്ര പേർ ജോലി ചെയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ചാർജ് ഈടാക്കുന്നത്. മറ്റ് പഞ്ചായത്തുകളിൽ നിന്നുപോലും ഇവരെത്തേടി ആളുകൾ എത്താറുണ്ട്. ജില്ലയിലെ മികച്ച ഹരിത കർമ്മസേന, ഹരിത സംരംഭങ്ങളുടെ അവതരണം എന്നിവയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്താണ് കണ്ണപുരം.

date