അടിമുടി മാറാനൊരുങ്ങി നായരമ്പലം മത്സ്യം മാർക്കറ്റ്
നിർമ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും
വൈപ്പിൻ മേഖലയിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ദീർഘനാളത്തെ ആഗ്രഹം പൂവണിയുന്നു. അത്യാധുനിക സൗകര്യങ്ങളോടെ അടിമുടി മാറാനൊരുങ്ങുകയാണ് നായരമ്പലം മത്സ്യ മാർക്കറ്റ്. ജൂലൈ 21-ന് വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
വർഷങ്ങളായി വികസനം കാത്തിരുന്ന മാർക്കറ്റാണ് ഹൈടെക് ആയി മാറാൻ ഒരുങ്ങുന്നത്. കിഫ്ബി ധനസഹായത്തോടെയാണ് പല കാരണങ്ങളാൽ നീണ്ടുപോയ മത്സ്യ മാർക്കറ്റിൻ്റെ പുനർനിർമ്മാണം സാധ്യമാക്കുന്നത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ നിർവ്വഹണച്ചുമതല. മാർക്കറ്റിൻ്റെ വികസന സാധ്യതകൾ പരിഗണിച്ച് രണ്ട് നിലകളിലായി 406 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
274 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒന്നാം നിലയിൽ മത്സൃവിപണനത്തിനായി പത്ത് സ്റ്റെയിൻലെസ് സ്റ്റീൽ ഫിഷ് സ്റ്റാളുകൾ, ഫ്രീസർ റൂം, മത്സ്യം വൃത്തിയാക്കുന്നതിന് പ്രിപ്പറേഷൻ റൂം, അഞ്ച് ശൗചാലയങ്ങൾ, ഭിന്ന ശേഷിക്കാർക്ക് വേണ്ടിയുള്ള ടോയ്ലെറ്റ്, 110 ചതുരശ്ര മീറ്ററിൽ ലേല ഹാൾ എന്നിവയുണ്ടാകും. 132 ചതുരശ്ര മീറ്റർ വരുന്ന രണ്ടാം നിലയിൽ ഓഫീസ്, വിശ്രമമുറി, മത്സ്യത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്വാളിറ്റി കൺട്രോൾ റൂം എന്നിവയാണ് തയ്യാറാക്കുക.
നായരമ്പലം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഏകദേശം 50 വർഷം പഴക്കമുള്ള നിലവിലെ മാർക്കറ്റിൽ 150 ലേറെ പേർ മത്സൃലേലത്തിനും 500 ലേറെ പേർ മത്സ്യം വാങ്ങുന്നതിനും എത്തുന്നുണ്ട്. വൈപ്പിൻകരയിലെ തന്നെ വലിയ മത്സ്യമാർക്കറ്റ് ആയതിനാലാണ് ആധുനിക നിലയിലൊരെണ്ണം വേണമെന്ന് കാലങ്ങളായി ആവശ്യമുയർന്നത്. അതാണിപ്പോൾ സാധിതമാകുന്നത്.
നിർമ്മാണോദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് നീതു ബിനോദ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരാകും.
- Log in to post comments