Skip to main content

ഭക്ഷ്യസുരക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം: ജില്ലയില്‍' സേഫ് ന്യൂട്രിഷ്യസ് ഫുഡ് @ സ്‌കൂള്‍' പദ്ധതിയ്ക്ക് തുടക്കം

ഭക്ഷ്യസുരക്ഷാ കാര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ' സേഫ് ന്യൂട്രിഷ്യസ് ഫുഡ് @ സ്‌കൂള്‍' പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 16 ഭക്ഷ്യസുരക്ഷാ സര്‍ക്കിളിന് കീഴിലെ 32സ്‌കൂളുകളിലാണ് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ പദ്ധതി നടപ്പാക്കുന്നത്. ഓരോ സര്‍ക്കിളിലെയും  രണ്ട് സ്‌കൂളുകള്‍  വീതം തെരഞ്ഞെടുത്ത് അതിലെ എട്ട്, ഒന്‍പത്, പ്ലസ് വണ്‍ ക്ലാസ് വിദ്യാര്‍ത്ഥികളിലാണ് ഭക്ഷ്യസുരക്ഷാ, പോഷകാഹാരാത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ ബോധവത്ക്കരിക്കുന്നത്. കൊട്ടപ്പുറം ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ബോധവത്ക്കരത്തിന് തുടക്കമായത്. തുടര്‍ന്ന് കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസിലും ബോധവത്ക്കരണ പരിപാടി നടത്തി. ഇന്ന് (നവംബര്‍ 22) പെരിന്തല്‍മണ്ണ മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസില്‍ പരിപാടി സംഘടിപ്പിക്കും.
സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും ഫുഡ്ഫോര്‍ട്ടിഫിക്കേഷന്റെയും ആവശ്യകത, ജങ്ക് ഫുഡ്, ഹൈ ഫാറ്റ് സാല്‍ട്ട് ഷുഗര്‍, ട്രാന്‍സ്ഫാറ്റ്, ആര്‍ട്ടിഫിഷ്യല്‍ കളേഴ്സ് എന്നിവയുടെ അപകടവും ആരോഗ്യപ്രശ്നങ്ങളും, ആരോഗ്യവും ഉ•േഷവുമുള്ള ജീവിതത്തിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ ഭാഗമായി ഹ്രസ്വചിത്രപ്രദര്‍ശനം, ക്വിസ്, ക്രിയാത്മ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. പദ്ധതി ഓരോ സര്‍ക്കിള്‍ പരിധിയിലും സുഗമമായി നടത്തുന്നതിന് മറ്റ് സര്‍ക്കിളുകളിലെ ഉദ്യോഗസ്ഥരുടെയും വിദഗ്ധരായ ന്യൂട്രീഷ്യന്‍മാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന്  ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കെ. അനില്‍കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനി- വിദ്യാര്‍ത്ഥികള്‍ക്ക് പോഷകപ്രദമായ ഭക്ഷണം വീടുകളില്‍ നിന്ന് പാകം ചെയ്തുകൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുന്നതിന് അവസരം നല്‍കണമെന്നും നിര്‍ദേശമുണ്ട്. അതത് സര്‍ക്കിള്‍ പരിധിയില്‍ ഗ്രാമപ്രദേശങ്ങളോ ആദിവാസി മേഖലകളോ വരുന്നുണ്ടെങ്കില്‍ പദ്ധതി അത്തരം പ്രദേശങ്ങളില്‍ തന്നെ നടപ്പാക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകള്‍ നല്‍കും. പരിപാടിയില്‍  ആരോഗ്യപ്രദമായ ലഘുഭക്ഷണമുണ്ടാകും. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും സംഘാടനം. ഓരോ സ്‌കൂളിലെയും നൂറു കുട്ടികള്‍ക്ക് ഗുണഫലം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ കെ .സുഗുണന്‍ പറഞ്ഞു.   
സൈനിക വിശ്രമകേന്ദ്രത്തില്‍ റൂമുകള്‍ വാടകക്ക്
മലപ്പുറം സിവില്‍സ്റ്റേഷനിലെ സൈനിക വിശ്രമകേന്ദ്രത്തില്‍ ചുരുങ്ങിയ വാടകക്ക്  ഡബിള്‍ റൂം (എ സി), ഡബിള്‍ റൂം, സിംഗിള്‍ റൂം, ഡോര്‍മിറ്ററി തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്. ബുക്കിങിനായി സിവില്‍ സ്റ്റേഷനു പുറകില്‍ സ്ഥിതി ചെയുന്ന സൈനിക വിശ്രമകേന്ദ്രത്തില്‍ നേരിട്ടോ, ജില്ലാ സൈനിക ക്ഷേമ  ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ : 04832734932  

 

date