Skip to main content

പാർകൊച്ചി' നഗരത്തിൽ അച്ചടക്കത്തോടെയുള്ള പാർക്കിംഗ് ഉറപ്പുവരുത്തും : മന്ത്രി കെ ബി ഗണേഷ് കുമാര്‍

* 'പാർകൊച്ചി'  

ഇനി പാർക്കിംഗ്

അനായാസമാക്കും

 

 കൊച്ചി നഗരത്തിൽ അച്ചടക്കത്തോടെയുള്ള പാർക്കിംഗ് സംവിധാനം ഉറപ്പുവരുത്താൻ 'പാർകൊച്ചി' പദ്ധതിയിലൂടെ സാധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായുള്ള ' പാർകൊച്ചി' സ്മാര്‍ട്ട് പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

 നഗരം വളരുമ്പോള്‍ പാർക്കിംഗ് പ്രശ്‌നങ്ങളും വര്‍ധിക്കും. അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പദ്ധതിയിലൂടെ സാധിക്കും . ഇത് ഒരു തുടക്കം മാത്രമാണ്. പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ ആപ്ലിക്കേഷനിലൂടെ പാര്‍ക്കിംഗ് സ്ഥിതിവിവരങ്ങള്‍, പാർക്കിംഗ് ലോട്ടുകൾ എന്നിവ അറിയാനും സ്മാര്‍ട്ട് പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സാധിക്കും.

 

 പാർക്കിംഗ് ലോട്ടുകള്‍ സ്വകാര്യമായും പ്രവര്‍ത്തിക്കാം. അതേസമയം എത്ര ദിവസം വാഹനം പാര്‍ക്ക് ചെയ്‌തോ അത്രയും ദിവസത്തെ പാർക്കിംഗ് ഫീസ് ഫൈനിനൊപ്പം അടക്കേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

 

 കൊച്ചി നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് , കൊച്ചി കോർപ്പറേഷൻ, കൊച്ചി മെട്രോ പോളിറ്റിൻ ട്രാൻസ്പോർട്ട് അതോറിറ്റി, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, കൊച്ചി മെട്രോ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജിസിഡിഎ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്മാര്‍ട്ട് പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. 

 

4.81 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 'പാർകൊച്ചി'

മൊബെല്‍ ആപ്പ് വഴി പാർക്കിംഗ് സ്ഥലങ്ങളുടെ വിവരങ്ങൾ, തെരഞ്ഞെടുത്ത സ്ഥലത്ത് പാര്‍ക്ക് ചെയ്യാനുള്ള ഇടങ്ങളുടെ എണ്ണം ഉള്‍പ്പെടെ അറിയാനാകും. വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലം, കാറിന്റെ നമ്പര്‍, സമയം എന്നിവ നല്‍കി ബുക്ക് ചെയ്യണം. ഒപ്പം പണവും അടയ്ക്കാം. പാർക്കിംഗ് സ്ഥലത്ത് എത്തി ടിക്കറ്റിങ് മെഷീന്‍ വഴി പണമടച്ചും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

 

സിഎസ്എംഎല്‍ കണ്‍ട്രോള്‍ റൂമില്‍ നടന്ന ചടങ്ങിൽ

മേയർ അഡ്വ എം അനിൽകുമാർ അധ്യക്ഷനായി. ഹൈബി ഈഡൻ എം. പി, ഹാരിസ് ബീരാൻ എം. പി, ടി ജെ വിനോദ് എംഎൽഎ, ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള

 തുടങ്ങിയവര്‍ പങ്കെടുത്തു.

 

date