മാതൃകാ അങ്കണവാടി നിര്‍മ്മിക്കാനൊരുങ്ങി കുന്നംകുളം നഗരസഭ
വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നഗരസഭ പദ്ധതി വിഹിതവും നാട്ടുകാര്‍ പിരിച്ചെടുത്ത തുകയും ഉൾപ്പെടുത്തി സ്ഥലം വാങ്ങി മാതൃകാ അങ്കണവാടി നിർമ്മിക്കാൻ ഒരുങ്ങി കുന്നംകുളം നഗരസഭ.
കുന്നംകുളം നഗരസഭ നിലവിലെ മൂന്നാം വാര്‍ഡ് കിഴൂര്‍ നോര്‍ത്തിലെ തിരുത്തിക്കാട് പുതിയ അങ്കണവാടി കെട്ടിടം പണിയുന്നതിനാണ് നാട്ടുകാരും നഗരസഭയും ചേര്‍ന്ന് നാല് സെന്റ് സ്ഥലം സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയത്. നഗരസഭ 3.57 ലക്ഷം രൂപ പദ്ധതി വിഹിതമായും ബാക്കി തുക നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്തുമാണ് അങ്കണവാടിക്ക് സ്ഥലം വാങ്ങിയത്.
എ.സി മൊയ്തീന്‍ എംഎല്‍എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് 25 ലക്ഷം രൂപ പുതിയ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ചു നല്‍കിയതോടെ എല്ലാവിധ സൗകര്യങ്ങളോടും കൂടെയുമുള്ള ആധുനിക അങ്കണവാടിയാണ് ഇവിടെ നിര്‍മ്മിക്കുക. ഇതോടെ കുരുന്നുകളുടെ പഠനവും ഉല്ലാസവും മികവുറ്റരീതിയിലേക്ക് മാറ്റാനാണ് നഗരസഭയുടെയും നാട്ടുകാരുടെയും ശ്രമം. സ്ഥലത്തിന്റെ ആധാരം ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, വാര്‍ഡ് കൗൺസിലറും വൈസ് ചെയര്‍പേഴ്സണുമായ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, സെക്രട്ടറി തുടങ്ങിയവര്‍ ചേർന്ന് ഏറ്റുവാങ്ങി.
ഭൂമി ലഭിച്ചതോടെ അങ്കണവാടിയുടെ നിര്‍മ്മാണ പ്രവൃത്തികൾ ഇനി വേഗത്തില്‍ ആരംഭിക്കുമെന്ന് ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ പറഞ്ഞു. സ്ഥലമില്ലാതിരുന്നതിനാല്‍ അങ്കണവാടി പണിയുന്നതിന് തടസ്സമുണ്ടായിരുന്നു. നഗരസഭയിലെ 77–ാം നമ്പര്‍ അങ്കണവാടിയാണ് തിരുത്തിക്കാടുള്ള അങ്കണവാടി.
ആധാരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, സെക്രട്ടറി കെ.കെ മനോജ്, എ.എക്സ്.ഇ ബിനയ്ബോസ്, മുന്‍ ചെയർപേഴ്സൺ പി.ജി ജയപ്രകാശ്, മുന്‍ കൗൺസിലര്‍ കെ.എ. അസീസ്, രാജേഷ് കടങ്ങോട്, അങ്കണവാടി വര്‍ക്കര്‍ വത്സല തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments