Skip to main content

കാര്‍ഷിക സമൃദ്ധിയുടെ നിറക്കാഴ്ചകള്‍ ഒരുക്കി പുനര്‍നവ കാര്‍ഷികമേള  ഇന്നു തുടങ്ങും

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും  കാസര്‍കോട് ആത്മയും  ഐസിഎആര്‍- സി പി സി ആര്‍ ഐയും കൃഷി വിജ്ഞാന്‍ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന പുനര്‍നവ കാര്‍ഷിക മേള ഇന്ന് (ഫെബ്രുവരി 16) തുടങ്ങും. റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മേളയുടെ ഉദ്ഘാടനം രാവിലെ 10.30 ന് കാസര്‍കോട് സി പി സി ആര്‍ ഐയില്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. കാര്‍ഷിക പ്രദര്‍ശനോദ്ഘാടനം പി കരുണാകരന്‍ എം പി നിര്‍വ്വഹിക്കും. സെമിനാര്‍ ഉദ്ഘാടനം കെ കുഞ്ഞിരാമന്‍ എംഎല്‍എയും ജൈവ കൃഷി അവാര്‍ഡ് ദാനം എം രാജഗോപാലന്‍ എംഎല്‍എയും നിര്‍വ്വഹിക്കും.  

കാര്‍ഷിക സമൃദ്ധിയുടെ നിറക്കാഴ്ചകളൊരുക്കി സന്ദര്‍ശകരെ വരവേല്‍ക്കാന്‍ മേളയില്‍ 60 ഓളം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ സി പി സി ആര്‍ ഐയുടെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും മണ്ണ് സംരക്ഷണ വിഭാഗത്തിന്റെയും തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ ഉണ്ടാകും. ഈ മാസം 19 വരെ നടക്കുന്ന  മേളയില്‍ രാവിലെ 10 മുതല്‍ രാത്രി 7.30 വരെയാണ് സന്ദര്‍ശകര്‍ക്കുള്ള  പ്രവേശന സമയം

                       മണ്ണൊലിപ്പ് , കൃഷി സ്ഥലത്തെ വന്യ മൃഗശല്യം തുടങ്ങി്   കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന  കൃഷി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള കണ്ടുപിടിത്തങ്ങളും , 20 സ്വയം സഹായ സംഘങ്ങളുടെ വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ നേഴ്‌സറികളും,ആന്തൂറിയം, ഓര്‍ക്കിഡ് തുടങ്ങിയ അലങ്കാര ചെടികളും വിവിധ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും  കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മേളയില്‍ ഉണ്ടായിരിക്കും. വിവിധതരം നാടന്‍ വിത്തിനങ്ങളും ജൈവ കീടനാശിനിയുടെ  പ്രദര്‍ശനവും  വിപണനവും മേളയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. പുഷ്പ -ഫല സസ്യങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയുടെ മുഖ്യ ആകര്‍ഷണമാണ്. ചെമ്പരത്തി ജ്യൂസ്,കൂണ്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന്റെ ലൈവ് ടമോണ്‍സ്‌ട്രേഷനും ഉണ്ടാകും.കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടും മേളയുടെ  ഭാ ഗമായിരിക്കും

  ഇന്നു മുതല്‍ ഈ മാസം 19 വരെയുള്ള ദിവസങ്ങളില്‍ കാര്‍ഷിക പ്രശ്‌നോത്തരി , മുഖാമുഖം , സെമിനാര്‍ തുടങ്ങിയ വിവിധ പരിപാടികള്‍  മേളയുടെ ഭാഗമായി നടക്കും .ഈ മാസം 19 ന്  ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന  മേളയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും . സി പിസി ആര്‍ ഐ ഡയറക്ടര്‍ ഡോ അനിത കരുണ്‍ അധ്യക്ഷത വഹിക്കും .ജില്ലാ കളക്ടര്‍ ഡോ സജിത് ബാബു മുഖ്യാതിഥിയായിരിക്കും. 

 

date