Skip to main content

തൊഴില്‍ സമയ നിയന്ത്രണം കര്‍ശനമായി പാലിക്കണം - ജില്ലാ കലക്ടര്‍ ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

 

സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ തൊഴില്‍സമയ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍ദ്ദേശിച്ചു. ആരോഗ്യജാഗ്രത 2019 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് നിര്‍ദ്ദേശം.
വേനല്‍ക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയാന്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ശുചിത്വപൂര്‍ണമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം. തുറസ്സായ സ്ഥലങ്ങളില്‍ ജോലി സമയ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന തൊഴിലാളികളും തൊഴിലുടമകളും ഉറപ്പുവരുത്തണം. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ശുചിത്വമിഷനും നടപടികള്‍ സ്വീകരിക്കണം. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ കാലികളെ തുറസ്സായ സ്ഥലങ്ങളില്‍ കെട്ടുന്നതും മേയാന്‍ വിടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
മഞ്ഞപ്പിത്തം, വയറിളക്കം പടര്‍ന്നു പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കിണറുകളില്‍  കൃത്യമായ ഇടവേളകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍   ചെയ്യണം. പ്രളയകാലത്ത് മുങ്ങിപ്പോയ കിണറുകളില്‍ മാസത്തിലൊരിക്കലെങ്കിലും ക്ലോറിനേഷന്‍ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു.
ഹോട്ടലുകള്‍, തട്ടുകടകള്‍, സ്വകാര്യസ്ഥാപനങ്ങളിലെ കാന്‍റീന്‍ എന്നിവിടങ്ങളില്‍ ശുദ്ധജലം ഉപയോഗിച്ചാണ് ആഹാരം പാകം ചെയ്യുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

date