Skip to main content
ദേശീയ ഡെങ്കിപ്പനി ദിനാചരണം  ഇടുക്കി ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ ടൗണ്‍ ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.പ്രിയ നിര്‍വഹിക്കുന്നു.

ബോധവത്ക്കരണ പരിപാടികളോടെ ഡെങ്കിപ്പനി ദിനാചരണം.

 

ദേശീയ ഡെങ്കിപ്പനി നിവാരണ ദിനാചരണം ബോധവത്ക്കരണ സെമിനാറുകളോടെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടന്നു. കട്ടപ്പന ടൗണ്‍ ഹാളില്‍ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.പ്രിയ ഉദ്ഘാടനം ചെയ്തു.  ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനുള്ള ഏക മാര്‍ഗം സമഗ്രമായ കൊതുകു നിയന്ത്രണവും കൊതുകിന്റെ പ്രജനന സ്ഥലങ്ങള്‍ ഇല്ലാതാക്കുകയുമാണെന്ന് ഡി എം ഒ പറഞ്ഞു. ഡെങ്കിപ്പനി പ്രതിരോധി മാര്‍ഗങ്ങളും ആവശ്യകതയും സംബന്ധിച്ച്  ഓരോ വ്യക്തികളിലും അവബോധം ഉണ്ടാക്കുകയാണ് ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഡെങ്കിപ്പനി വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുള്ളതായും ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചുള്ള മരണമോ കേസുകളോ ഉണ്ടാകാതിരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും ശ്രദ്ധ ചെലുത്തണമെന്നും ഡി എം ഒ കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന ശേഷം ഡെങ്കിപ്പനി പ്രതിരോധം സംബന്ധിച്ച് സെമിനാര്‍ നടന്നു. 'ഡെങ്കിപ്പനി വ്യാപനവും നിയന്ത്രണമാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തില്‍ കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ബി.ശ്രീകാന്തും 'കൊതുകുജന്യ രോഗങ്ങള്‍' എന്ന വിഷയത്തില്‍ ജില്ലാ മലേറിയ ഓഫീസര്‍ ഇന്‍ ചാര്‍ജ്  സി.ജെ.ജെയിംസും സെമിനാര്‍ നയിച്ചു.

ഡെങ്കിപ്പനി വൈറസ് പരത്തുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട ഈജിപ്തി, ആല്‍ബോപിക്ടസ് എന്നീ ഇനം കൊതുകുകളുടെ ചിത്രങ്ങള്‍, ഡെങ്കുകൊതുകിന്റെ പ്രജനന കേന്ദ്രങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, രോഗം ബാധിച്ചവര്‍ മറ്റുള്ളവരിലേയ്ക്ക് പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ സെമിനാറിലൂടെ  പരിചയപ്പെടുത്തി. 

യോഗത്തിന് ഡെപ്യൂട്ടി ഡി എം ഒ ഡോ. പി.കെ.സുഷമ അധ്യക്ഷത വഹിച്ചു.  ഡോ.ജോബിന്‍ ജി.ജോസഫ്, കെ.എന്‍.ജയപ്രകാശ്, റ്റി.എന്‍.ലൈലജ, പി.എം ഫ്രാന്‍സീസ്, സി. ജെ കുര്യാച്ചന്‍, പി.ജി.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.  ആരോഗ്യ, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, സെന്റ് ജോണ്‍സ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍, കട്ടപ്പന ഗവ.ഐ.റ്റി ഐയിലെ എന്‍ എസ് എസ് യൂണിറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഡെങ്കിപ്പനി- മുന്‍കരുതലുകള്‍........

 

ഡെങ്കിപ്പനി വൈറസ് വാഹകരായ ഈഡിസ് കൊതുകിലൂടെ പകരുന്നു.

 

രോഗാണുബാധ ഉണ്ടായാല്‍ 3-14ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

 

പെട്ടെന്നുള്ള പനി, ശക്തമായ തലവേദന, കണ്ണിനു പുറകില്‍ വേദന, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, ചുവന്നു തടിച്ച പാടുകള്‍, വയറുവേദന, ഛര്‍ദ്ദി, രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍.

 

രോഗലക്ഷണം കണ്ടാലുടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടുക

 

കൊതുകിന്റെ ഉറവിടങ്ങളായ പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍, കളിപ്പാട്ടങ്ങള്‍, പൂച്ചട്ടികള്‍, വെള്ളം നിറച്ചുവയ്ക്കുന്ന പാത്രങ്ങള്‍, റഫ്രിജറേറ്ററിന്റെ പുറകിലെ ഡിഷുകള്‍ തുടങ്ങിയവ ആഴ്ചയിലൊരിക്കല്‍ ശുദ്ധീകരിച്ച് ഡ്രൈഡേ ആചരിക്കുക.

 

കൊതുകുകടിയേല്‍ക്കാതെ  സംരക്ഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക

date