Skip to main content

ജില്ലയില്‍ ഭിന്നശേഷി സംയോജിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് റിസോഴ്‌സ് സെന്റര്‍ സ്ഥാപിക്കും.

ജില്ലയില്‍ ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സംയോജിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് റിസോര്‍സ് സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പ്രാഥമികമായി ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്ത് പരിധികളിലാണ് പദ്ധതി നടപ്പാക്കുക. ഒരു ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഹൈസ്‌കൂള്‍ സമ്പൂര്‍ണ്ണ ഭിന്നശേഷി റിസോഴ്‌സ് സെന്റര്‍ സ്ഥാപിക്കും. ഇവിടെ നിന്ന് മറ്റു സ്‌കൂളികളിലേക്ക് പ്രവര്‍ത്തനത്തിന് മേല്‍ നോട്ടവും ഇടപ്പെടലുമുണ്ടാവും. ഭാവിയില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലെ ഒരു സ്‌കൂള്‍ കേന്ദ്രീകരിച്ച് റിസോഴ്‌സ് സെന്റര്‍ സ്ഥാപിക്കുകയും മുഴുവന്‍ സ്‌കൂളുകളിലും ഭിന്നശേഷ സൗഹൃദ വിദ്യാഭ്യാസ പദ്ധതി വ്യാപിക്കുകയും ചെയ്യും. ഭിന്നശേഷി കൂട്ടായ്മയായ പരിവാര്‍ സമര്‍പ്പിച്ചിരുന്ന പ്രൊജക്ട്  ആസ്പദമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിനു തന്നെ മാതൃകയാവുന്ന പദ്ധതി എല്ലാ സാധ്യതകളും പരിഗണിച്ച് കുറ്റമറ്റ രീതിയില്‍ ജില്ലയില്‍ നടപ്പാക്കും.
ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.മധുവിന്റെ നേതൃത്വത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള  കോഡിനേഷന്‍ സമിതി രൂപീകരിച്ചു. എസ്.എസ്.എ പ്രോഗ്രാം കോഡിനേറ്റര്‍ മോഹന കൃഷ്ണന്‍, എല്‍.എല്‍.സി.കണ്‍വീനര്‍ സിനില്‍ ദാസ് , സാമൂഹ്യനീതി, വിദ്യാഭ്യാസം, പഞ്ചായത്ത്, കുടുംബശ്രീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിവാര്‍ ഇന്‍ക്‌ളൂസീവ് വിംഗ് അംഗങ്ങളും സമിതിയിലുണ്ട്.

പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ കാര്യാലയം മേല്‍ പതിനഞ്ചു സ്‌കൂളുകളില്‍ നിന്നു ലഭ്യമാക്കിയ വിവരശേഖരണ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച്  ജുണ്‍ അവസാനത്തോടെ സമിതിയംഗങ്ങളുടെ നേതൃത്വത്തില്‍ ഓരോ സ്‌കൂളും സന്ദര്‍ശിച്ച് കുട്ടികളുടെ എണ്ണം, കാറ്റഗറി എയ്ജ് ഗ്രൂപ്പ്  മുതലായവ പരിശോധിക്കുകയും അവ അടിസ്ഥാനപ്പെടുത്തി  ഓരോ സ്‌കൂളിലും പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും.
 ഇതിനോടനുബന്ധമായി ഓരോ പ്രദേശത്തെയും പദ്ധതിയുടെ ഭാഗമാക്കാവുന്ന സ്‌പെഷ്യല്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ സര്‍വ്വേ എല്‍.എല്‍.സി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലും സ്‌കൂള്‍ റോളില്‍ വരാത്ത കുട്ടികളുടെ സര്‍വ്വേ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലും പൂര്‍ത്തിയാക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂലായ് ആദ്യ വാരത്തില്‍ വിപുലമായ യോഗം ജില്ല കലക്ടറുടെ നേതൃത്തില്‍ ചേരും.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ നബാര്‍ഡ് അസി: ജനറല്‍ മാനേജര്‍ ,ജില്ല പഞ്ചായത്ത് സെക്രട്ടറി, വിവിധ പഞ്ചായത്ത് - മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍,സ്‌കൂള്‍ പ്രതിനിധികള്‍, പരിവാര്‍ ജില്ല കോഡിനേറ്റര്‍ ജാഫര്‍ ചാളക്കണ്ടി, ജില്ല എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അഷ്‌റഫ് അമ്പാടി,റസാഖ് മാസ്റ്റര്‍,ഖാലിദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

 

date