Skip to main content

നിപ്പ മുന്‍കരുതല്‍; ആശുപത്രികള്‍ക്കായി ജില്ലാ കളക്ടര്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് കോട്ടയം ജില്ലയില്‍ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ക്കായി ജില്ലാ കളക്ടര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സില്‍ നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്. 

ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോക്കോളിന് അനുസൃതമായി പകര്‍ച്ചവ്യാധി നിയന്ത്രണ-പ്രതിരോധ നടപടികള്‍ക്കായി മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, നഴ്സിംഗ് അസിസ്റ്റന്‍റുമാര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘത്തിന് രൂപം        നല്‍കണം. 

സാര്‍വത്രിക സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് രണ്ടു ദിവസത്തിനുള്ളില്‍ എല്ലാ ആശുപത്രികളിലും ദ്രുതകര്‍മ്മ സേന രൂപീകരിക്കണം. ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍, സുരക്ഷാ ഉപാധികളുടെ ഉപയോഗം എന്നിവ സംബന്ധിച്ച് മൂന്നു ദിവസത്തിനുള്ളില്‍ പ്രത്യേക പരിശീലനം നല്‍കണം. 

ഒ.പി. കൗണ്ടര്‍, പരിശോധനാ മുറികള്‍, വാര്‍ഡുകള്‍, തിയേറ്ററുകള്‍, ഇടനാഴികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങണം. 

സംശയകരമായ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യണം. ആശുപത്രികളില്‍ എത്തുന്നവരില്‍ ചുമ  ബാധിച്ചിട്ടുള്ളവര്‍ക്ക് ധരിക്കുന്നതിന് കവാടത്തില്‍തന്നെ മാസ്കുകള്‍ വിതരണം ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തണം. രോഗി സന്ദര്‍ശനത്തിനെത്തുന്നവരെ നിരുത്സാഹപ്പെടുത്തണം.

ജില്ലയിലെ മുന്‍കരുതല്‍ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, കോട്ടയം മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. ആര്‍ സജിത്കുമാര്‍, കമ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. എ. ശോഭ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. രാജന്‍, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ഹോമിയോ, ആയുര്‍വേദ വകുപ്പ് മേധാവികള്‍, പ്രധാന ആശുപത്രി സൂപ്രണ്ടുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. 

date