Skip to main content

റോഡ് സുരക്ഷയിൽ ആദ്യം സ്വയം ബോധവാൻമാരാകണം- മന്ത്രി സി. രവീന്ദ്രനാഥ്

 

* റോഡ് സുരക്ഷാവാരാചരണത്തിന് തുടക്കമായി
റോഡ് സുരക്ഷയിൽ ആദ്യം സ്വയം ബോധവാൻമാരായ ശേഷം മറ്റുള്ളവരെയും ബോധ്യപ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. തിരുവനന്തപുരത്ത് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാവാരാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷയെക്കുറിച്ച് മനസിലാക്കാൻ ആദ്യം വിദ്യാർത്ഥികളാകണം. ശേഷം മറ്റുള്ളവരെ ബോധവാ•ാരാക്കാൻ അധ്യാപകരുമാകണം. സുരക്ഷിത യാത്രയ്ക്കുള്ള ഇടമാണ് റോഡ് എന്ന് നാം ഉറപ്പുവരുത്തണം.
ഇടതു വശം ചേർന്നു പോകുക എന്ന നിയമമാണ് ആദ്യം പാലിക്കേണ്ടത്. എന്നാൽ ഭൂരിഭാഗം പേരും ഇത് പാലിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിക്കുന്ന മോഡൽ സ്‌കൂളിന് ഈ വർഷം തന്നെ മികച്ച ഓഡിറ്റേറിയം നിർമ്മിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ ഓഡിറ്റോറിയം ഭൂരിഭാഗവും ചോർന്നൊലിക്കുന്ന നിലയിലാണ്. 
റോഡപകടങ്ങൾ  കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. ജീവൻരക്ഷാ വാഹനനമായ ആംബുലൻസ് പോലും അപകടത്തിൽ പെടുന്നു. ഈ സാഹചര്യത്തിൽ ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകും. പ്രതിവർഷം 45,000 പേർ റോഡപകടങ്ങളിൽ മരിക്കുന്നു. ഈ സാഹചര്യം മാറണം. റോഡപകട നിരക്ക് കുറഞ്ഞ സംസ്ഥാനമായി കേരളം മാറണം. ഇതിന് വിദ്യാർത്ഥികൾ മുൻകൈയെടുക്കേണ്ടതുണ്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ വിദ്യാർത്ഥികൾ വാഹനമോടിക്കുന്നത് പരിശോധിക്കാൻ എല്ലാ സ്‌കൂളുകളിലും ഓരോ അധ്യാപകനെ ചുമതലപ്പെടുത്തണം. സ്‌കൂൾ വാഹനങ്ങൾ വാർഷിക പരിശോധന നടത്തുന്നുണ്ടോ, ജി. പി. എസ്. ഘടിപ്പിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളിൽ ഉറപ്പു വരുത്താനാകണമെന്നും ഗതാഗതമന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പ്രതിജ്ഞ റോഡ് സുരക്ഷാ കമ്മീഷണർ എൻ. ശങ്കർ റെഡ്ഡി ചൊല്ലിക്കൊടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ., മോഡൽ സ്‌കൂൾ പ്രിൻസിപ്പാൾ എം. പി. ഷാജി, വൈസ് പ്രിൻസിപ്പാൾ ആർ. എസ്. സുരേഷ് ബാബു, പി.ടി. എ. പ്രസിഡന്റ് രാജി. ആർ. പിള്ള തുടങ്ങിയവർ സംസാരിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച ബോധവത്കരണ ക്ലാസും നടന്നു.
പി.എൻ.എക്സ്.1711/19

date