Skip to main content

ആയുർവേദത്തിൽ ആധികാരികമായ ഗവേഷണം ഉണ്ടാകണം: ഗവർണർ പി.സദാശിവം

* ആയുർവേദ കോളേജ് വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു
ആയുർവേദത്തിലും മറ്റ് പരമ്പരാഗത ചികിത്സാരീതികളിലും കൂടുതൽ ആധികാരികമായ ഗവേഷണം ആവശ്യമാണെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. ചികിത്സാസമ്പ്രദായം എന്ന നിലയിൽ ആയുർവേദം ഇന്ന് സമൂഹത്തിൽ കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും. എങ്കിലും ചില ഗവേഷകരുടെയിടയിൽ ആയുർവേദത്തിലെ പുതിയ വികാസങ്ങളോടുള്ള വിമുഖത മാറേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.
തിരുവനന്തപുരം ആയുർവേദ കോളേജിൽ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. പുതിയ തലമുറയിലെ ഡോക്ടർമാർ ആയുർവേദത്തിലൂടെ അടിയന്തര ചികിത്സ നടപ്പാക്കാനുള്ള രീതികൾ ചർച്ച ചെയ്യുന്നത് സന്തോഷകരമാണ്.  ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ ഗൗരവതരമായ നയതീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. ഉത്തര മലബാറിൽ സ്ഥാപിക്കുന്ന അന്തർദേശീയ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഈ മേഖലയിൽ ആഗോളതലത്തിൽതന്നെ സുപ്രധാനകേന്ദ്രമായി മാറും. യുവബിരുദധാരികൾ തങ്ങളുടെ ചികിത്സാവിജ്ഞാനം സമൂഹവുമായി കൂടുതൽ പങ്കിടാൻ തയാറാകണം. അഞ്ചുവർഷമെങ്കിലും ഗ്രാമീണമേഖലകളിൽ ജോലി ചെയ്യാൻ അവർ തയാറാകണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചർ അധ്യക്ഷത വഹിച്ചു. ആയുർവേദ മേഖലയിൽ വലിയമാറ്റം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത് മന്ത്രി പറഞ്ഞു. അന്തർദേശീയ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ആയുർവേദ കോളേജുകളുടെ ഉന്നമനത്തിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. 160 പുതിയ തസ്തികകളാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.
ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ജോളിക്കുട്ടി ഈപ്പൻ, ആർ.എം.ഒ ഡോ. എസ്.ഗോപകുമാർ, സൂപ്രണ്ട് ഡോ.രഘുനാഥൻ നായർ എന്നിവർ സംബന്ധിച്ചു. 63 വിദ്യാർഥികളാണ് ചടങ്ങിൽ ബിരുദധാരണം നടത്തിയത്. മികവിനുള്ള പുരസ്‌കാരം ഡോ. ജെസ്‌നി വി.ജോസിന് ഗവർണർ സമ്മാനിച്ചു.
പി.എൻ.എക്സ്.2255/19

date