Skip to main content

പ്രളയം പൂർണമായി തകർത്ത 5894 വീടുകൾ പുനർനിർമിച്ചു;  298 കോടി രൂപയുടെ സഹായം

പ്രളയത്തിൽ പൂർണമായി തകർന്ന 5894 വീടുകൾ 298 കോടി രൂപ ചെലവഴിച്ച് സർക്കാർ പുനർനിർമിച്ചു. ഭാഗികമായി നാശനഷ്ടം സംഭവിച്ച 2,54,681 വീടുകൾക്കായി 1274.5 കോടി രൂപയും ചെലവഴിച്ചു. സർക്കാരിന് ലഭ്യമായ കണക്കുകളനുസരിച്ച് 15,463 വീടുകളാണ് പൂർണമായി തകർന്നത്. പൂർണമായി തകർന്ന വീടുകൾ സ്വയം പുനർനിർമിക്കാൻ തയ്യാറായി 9329 പേർ മുന്നോട്ടുവന്നിരുന്നു. ഇവർക്ക് സർക്കാരിന്റെ നാലു ലക്ഷം രൂപയാണ് സഹായം. പ്രളയം തകർത്ത മറ്റു വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. 
തകർന്ന വീടുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് സഹായം ലഭ്യമാക്കിയിരിക്കുന്നത്. 15 ശതമാനത്തിൽ കുറവും 16 മുതൽ 29 വരെ ശതമാനത്തിനിടയിലും നാശനഷ്ടം സംഭവിച്ച വീടുകൾക്ക് മുഴുവൻ സഹായവും നൽകി. ഇരുവിഭാഗങ്ങളിലുമായി 2,04,663 ഗുണഭോക്താക്കൾക്ക് 516.05 കോടി രൂപയാണ് വിതരണം ചെയ്തത്. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കെയർഹോം പദ്ധതിയിൽ 2000 വീടുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. ഇതിൽ 1500 വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിക്കഴിഞ്ഞു. ബാക്കി വീടുകൾ ആഗസ്റ്റ് 15നകം കൈമാറും.  ഓരോ സ്ഥലത്തിന്റേയും പ്രത്യേകത അനുസരിച്ചുള്ള വീടുകളാണ് നിർമിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 2000 ഫ്‌ളാറ്റുകൾ നിർമ്മിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. പുനർനിർമാണത്തിന് നഗരകാര്യ വകുപ്പ് 20.14 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വീടുകളുടെ നാശനഷ്ടം നിർണയിച്ചത് സംബന്ധിച്ച് 98,181 അപ്പീലുകളാണ് റവന്യു വകുപ്പിന് ലഭിച്ചത്. ഇതിൽ 85,141 അപ്പീലുകളിൽ തീരുമാനമായി. അപ്പീലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രളയദുരന്തത്തിനിരയായ 6.87 ലക്ഷം കുടുംബങ്ങൾക്ക് അടിയന്തരസഹായമായി പതിനായിരം രൂപ വീതം നൽകിയിരുന്നു. 687.84 കോടി രൂപയാണ് ഇത്തരത്തിൽ സർക്കാർ വിതരണം ചെയ്തത്.
പി.എൻ.എക്സ്.2304/19

date