Skip to main content

കൃഷി വകുപ്പിൽ ഇ-ഓഫീസ് സംവിധാനത്തിന് തുടക്കം

* മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു
കാർഷിക വികസന കർഷക ക്ഷേമവകുപ്പിൽ ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് ഡയറക്ടറേറ്റിൽ മന്ത്രി വി. എസ്. സുനിൽകുമാർ നിർവഹിച്ചു. കൃഷിവകുപ്പിന്റെ ഹൃദയമാണ് ഡയറക്ട്രേറ്റെന്നും കർഷകരുടെ പ്രശ്നങ്ങളാണ് ഓരോ ഉദ്യോഗസ്ഥന്റേയും മുന്നിലെത്തുന്ന ഫയലുകളെന്നും അതിൽ വിട്ടുവിഴ്ചയുണ്ടാകരുതെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നത് കർഷകരാണ്. അവർക്ക് സഹായം ചെയ്യുന്നതിനാകണം പ്രഥമ പരിഗണന. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഡയറക്ടറേറ്റിലെ ഐ.ടി. ഡിവിഷൻ, തപാൽ, എഞ്ചിനീയറിംഗ്, ഫൈനാൻസ്, വെജിറ്റബിൾ സെൽ, പെൻഷൻ, ഒ. ആന്റ് എം. എന്നീ വിഭാഗങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇ-ഓഫീസ് പ്രവർത്തിക്കുക. ഒരു മാസത്തിനുള്ളിൽ 32 സെക്ഷനുകളിലേക്കും വ്യാപിപ്പിക്കും. അടുത്ത ഏപ്രിലിനുള്ളിൽ 14 ജില്ലാ ഓഫീസുകൾ, ബ്ലോക്ക് ഓഫീസുകൾ, കൃഷിഭവനുകൾ, വകുപ്പിന്റെ മറ്റെല്ലാ ഓഫീസുകളിലേക്കും ഇ-ഓഫീസ് സംവിധാനം വ്യാപിപ്പിക്കും. ഇതോടെ ഫയലുകളിൽ തീരുമാനമുണ്ടാകുന്നതിൽ വരുന്ന കാലതാമസം പരിഹരിക്കാനാകും. അഡീ. ചീഫ് സെക്രട്ടറി ഡി. കെ. സിംഗ്, ഡയറക്ടർ ഇൻ ചാർജ് രത്തൻ ഖേൽക്കർ, സക്കീനത്ത് ബീവി, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. 
പി.എൻ.എക്സ്.2337/19

date