Skip to main content

ഡാറ്റാബാങ്ക് തെറ്റുതിരുത്തൽ അപേക്ഷകളിൽ ഒരു മാസത്തിൽ  തീരുമാനമെടുക്കണം: മന്ത്രി വി. എസ്. സുനിൽകുമാർ

ഡാറ്റാബാങ്കിലെ തെറ്റുതിരുത്താൻ ലഭിച്ച അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കണമെന്ന് കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. കൃഷി ഉദ്യോഗസ്ഥരുടെ ഏകദിന ശിൽപശാലയും സംസ്ഥാനതല പദ്ധതി അവലോകനവും വിഷൻ 2020 നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
അപേക്ഷകൾ തീർപ്പാക്കാൻ ആവശ്യമെങ്കിൽ അദാലത്തുകൾ നടത്തണം. സർവേ നമ്പർ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള അപേക്ഷകളിൽ മാത്രം വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടാൽ മതി. തർക്കമുള്ള അപേക്ഷകൾ മാത്രം മാറ്റിവച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. 
സംസ്ഥാനത്തെ കാർഷിക മേഖലയെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിക്കും. ഇവയെ 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളാക്കും. ഓരോ യൂണിറ്റിനും ആവശ്യമായ പാക്കേജ് ഓഫ് പ്രാക്ടീസ് രൂപീകരിക്കാനുള്ള നടപടികൾ കാർഷിക സർവകലാശാല കൈക്കൊണ്ടിട്ടുണ്ട്. കൃഷി, ഉത്പാദനം, മണ്ണുപരിശോധന ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഇതനുസരിച്ച് പുനർനിർണയിക്കും. റീബിൽഡ് കേരളയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി ലോകത്തിന് തന്നെ മാതൃകയാവുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 
കൃഷി വകുപ്പിൽ സ്‌പെഷ്യൽ റൂൾ മൂന്നു മാസത്തിനകം നടപ്പാക്കും. വിദ്യാർത്ഥികളെ പാടത്തേക്കിറക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി സെപ്റ്റംബർ 26ന് നടത്തും. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് നെല്ലിന്റെ ജൻമദിനം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ക്‌ളാസ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് വിദ്യാർത്ഥികളെ പാടത്തേക്കിറക്കുക. 
ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി വിജയകരമായി നടപ്പാക്കണം. കർഷക മിത്ര പദ്ധതി മുഴുവൻ ജില്ലകളിലും വ്യാപിപ്പിക്കും. വിള ഇൻഷുറൻസിന്റെ പ്രാധാന്യം കർഷകരെ ബോധ്യപ്പെടുത്താൻ കൃഷി ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. മുഴുവൻ വാഴ കർഷകരെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരണം. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ കർഷകരെ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. 
കർഷകർ നിരന്തരം കയറിയിറങ്ങുന്ന പ്രസ്ഥാനമായി കൃഷി ഭവനുകൾ മാറണം. എല്ലാ കൃഷി ഭവനുകളിലും ഉത്പാദന ലക്ഷ്യം രേഖപ്പെടുത്തിയ മാപ്പുകൾ ഉണ്ടായിരിക്കണം. കർഷക സഭകൾ ജനകീയ പങ്കാളിത്തത്തോടെ നടത്തണം. പ്രളയം ഉൾപ്പെടെ നിരവധി ദുരന്തങ്ങൾ സംഭവിച്ചെങ്കിലും നെൽകൃഷി ഉത്പാദനം 4.8 മെട്രിക് ടണിൽ നിന്ന് 8.9  മുതൽ 10.2 മെട്രിക് ടൺ ആയി വർദ്ധിച്ചു. റീബിൽഡ് കേരളയിൽ കൃഷി വകുപ്പ് നിർണായക പങ്ക് വഹിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിംഗ് അധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ സെക്രട്ടറി രത്തൻ ഖേൽക്കർ, സോയിൽ സർവേ ഡയറക്ടർ ജസ്റ്റിൻ മോഹൻ, ഡെപ്യൂട്ടി ഡയറക്ടർമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്.2358/19

date