Skip to main content

ചൈല്‍ഡ് ലൈന്‍ ജില്ലയില്‍ രണ്ട് സബ്‌സെന്ററുകള്‍ ആരംഭിക്കും സന്നദ്ധ സംഘടനകളുടെ യോഗം ചേര്‍ന്നു

 

കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതിനായി ജില്ലയില്‍ സബ് സെന്റര്‍ യൂനിറ്റുകള്‍ കൂടി ആരംഭിക്കുന്നു. പദ്ധതി ആരംഭിക്കുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ഷാജേഷ് ഭാസ്‌ക്കറിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ യോഗം ചേര്‍ന്നു. ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നതിനാല്‍ സന്നദ്ധ സംഘടനകള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ ചൈല്‍ഡ് ലൈനിനായി രണ്ട് സബ് സെന്റര്‍ യൂനിറ്റുകളാണ് ആരംഭിക്കുന്നത്. തിരൂര്‍,താനൂര്‍,തിരൂരങ്ങാടി ഉള്‍പ്പെടുന്ന ഒരു സബ് സെന്ററും നിലമ്പൂര്‍,വണ്ടൂര്‍,കാളികാവ് ഉള്‍പ്പെടുന്ന മറ്റൊരു സബ് സെന്ററുമാണ് ജില്ലയില്‍ ആരംഭിക്കുക. ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍, ചൈല്‍ഡ് ലൈനിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങളില്‍ ക്ലാസെടുത്തു നല്‍കി. ചൈല്‍ഡ് ലൈന്‍ ജില്ലയില്‍ സബ് സെന്റര്‍ യൂനിറ്റുകള്‍ ആരംഭിക്കുന്നതിനായി സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. അത്തരത്തില്‍ അപേക്ഷ നല്‍കിയ 30 ഓളം സന്നദ്ധ സംഘടന പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

യോഗത്തില്‍ സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റ് എസ്.ഐ പി.സുബ്രഹ്മണ്യന്‍, ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ സ്റ്റേറ്റ് ഇന്‍ ചാര്‍ജ് മനോജ് ജോസഫ്, ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ സിനീയര്‍ പ്രോഗ്രം ഓഫീസര്‍ നിരീഷ് ആന്റണി, ചൈല്‍ഡ് ലൈന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്‍.പി മുഹമ്മദലി, ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

 

date