Skip to main content

ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി രണ്ടാം ഘട്ടത്തിനു തുടക്കമായി

 

    സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു തുടക്കമായി. മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങ് വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ ഉദ്ഘാടനം ചെയ്തു. ആറുമുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിനും അവ നിര്‍മ്മാജനം ചെയ്യുന്നതിനായി ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതുമായിരുന്നു ആദ്യ ഘട്ടം. വിദ്യാര്‍ത്ഥിനികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനായതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സലീഖ പറഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവശുചിത്വ അവബോധ പരിശീലനം നല്‍കുന്നതാണ് രണ്ടാം ഘട്ടം.

    നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം വി.ആര്‍ രമകുമാരി, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി.ബിന്ദു, എച്ച്.എല്‍.എല്‍ ടെക്നിക്കല്‍ ആന്റ് ഓപ്പറേഷന്‍ ഡയറക്ടര്‍ ഇ.എ.സുബ്രഹ്മണ്യന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ടി. ഗീനാ കുമാരി, പ്രിന്‍സിപ്പല്‍ ഐ.ആര്‍. ജീജ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 754/2019)

 

 

date