Skip to main content

റേഷന്‍കടകളുടെ വൈവിധ്യവത്ക്കരണം:   ഒന്നാം ഘട്ടം ഓണത്തിന്

കുപ്പിവെള്ളവും ശബരി ഉത്പന്നങ്ങളും വിതരണം ചെയ്തുകൊണ്ട് റേഷന്‍കടകളുടെ വൈവിധ്യവത്ക്കരണത്തിന്‍റെ ഒന്നാംഘട്ടത്തിന് ഓണക്കാലത്ത് തുടക്കം കുറിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കോട്ടയത്ത് ജില്ലയിലെ റേഷന്‍വ്യാപാരികളുടെ യോഗത്തില്‍   സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുപ്പിവെള്ളം 11 രൂപയ്ക്ക് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാനാണ് തീരുമാനം. പൊതുമാര്‍ക്കറ്റില്‍ 20 രൂപ ഈടാക്കുന്ന കുപ്പിവെള്ളം നിലവില്‍ സപ്ലൈകോ മാര്‍ക്കറ്റ് വഴി 11 രൂപയ്ക്ക് വിതരണം ചെയ്യുന്നുണ്ട്. ഇതിനുപുറമെ  തേയില, വെളിച്ചെണ്ണ തുടങ്ങിയ ശബരി ഉത്പന്നങ്ങളും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. 

ഉത്പന്നങ്ങളുടെ വില ഗണ്യമായി കുറയുന്നതിനും വിലക്കയറ്റം തടയുന്നതിനും ഇത് സഹായകമാകും. വൈവിധ്യവത്ക്കരണത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ റേഷന്‍ കടകളെ മിനി എടിഎമ്മുകളാക്കി മാറ്റാനാണ് തീരുമാനം. ന്യൂജനറേഷന്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ഇതിനായി മുന്നോട്ടു വന്നിട്ടുണ്ട്. കാനറാ ബാങ്ക് സമര്‍പ്പിച്ച  പദ്ധതി നിര്‍ദ്ദേശത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. 

സപ്ലൈകോ  ഗോഡൗണില്‍ നിന്നും സാധനങ്ങള്‍ റേഷന്‍കടകളിലേക്ക് കൃത്യമായ അളവില്‍ നല്‍കുന്ന വാതില്‍പ്പടി വിതരണം വിജയകരമായി നടന്നുവരികയാണ്. സാധനങ്ങള്‍ എത്തിക്കുന്നതിന് ജി.പി.എസ് സംവിധാനമുളള ഒരേ നിറത്തിലുളള വാഹനങ്ങള്‍ ഏര്‍പ്പെടുത്തും. റേഷന്‍ കടകളില്‍  എത്തുന്ന സാധനങ്ങള്‍ വ്യാപാരികള്‍ ഗുണനിലവാരം ഉറപ്പു വരുത്തി ഏറ്റെടുക്കണം. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്.  ഭക്ഷ്യകമ്മീഷന്‍ എല്ലാ വീടുകളിലും പരിശോധന നടത്തിവരികയാണ്. 

 റേഷന്‍ കടകളില്‍ സ്റ്റോക്ക് കൃത്യമായി എഴുതി സൂക്ഷിക്കണം. മണ്ണെണ്ണ വീപ്പകള്‍ ഭക്ഷ്യ സാധനങ്ങളുടെ സമീപത്തു നിന്നും മാറ്റി സൂക്ഷിക്കണം.  കടകള്‍ എലി, പാറ്റ തുടങ്ങിയവയെ ഒഴിവാക്കി  വൃത്തിയായി സൂക്ഷിക്കണം. ഇ-പോസ് മെഷീനുകളെ വെയിംഗ് മെഷീനുമായി ബന്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു ണ്ടെന്നും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി  പറഞ്ഞു. 

കെ.പി.എസ്.മേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സപ്ലൈകോ റീജിയണല്‍ മാനേജര്‍ എലിസബത്ത് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ പി. എന്‍ ഇന്ദിരാദേവി, സപ്ലൈകോ മാര്‍ക്കറ്റിംഗ് മാനേജര്‍ സതീഷ്, എന്നിവര്‍             സംസാരിച്ചു. 

date