Skip to main content
കണ്ണൂര്‍ താവക്കര യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സന്ദര്‍ശിക്കുന്നു .

ആരോഗ്യ മന്ത്രി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു മഴക്കെടുതി, കൂട്ടായ ഇടപടല്‍ അനിവാര്യം: മന്ത്രി 

മഴ ശക്തിപ്രാപിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ജില്ലയിലുണ്ടായ മഴക്കെടുതിക്കെതിരെ കൂട്ടായ ഇടപെടല്‍ ആവശ്യമാണെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മഴക്കെടുതിയില്‍പ്പെട്ടവരെ പാര്‍പ്പിച്ച താവക്കര യു പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പതിവിന് വിപരീതമായി നഗരങ്ങളാണ് മഴക്കെടുതിയുടെ ബുദ്ധിമുട്ട് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവിച്ചത്. വിവിധയിടങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 87 പേരെ മാറ്റിപാര്‍പ്പിച്ചു. മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനായി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. 
കെട്ടിട നിര്‍മ്മാണത്തില്‍ വേണ്ടത്ര ആസൂത്രണം ഇല്ലാത്തതാണ് നഗരങ്ങളില്‍ വെള്ളക്കെട്ടുണ്ടാകുന്നതിന് പ്രധാന കാരണമാവുന്നത്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിയമങ്ങള്‍ കര്‍ശനമായിത്തന്നെ പാലിക്കണമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരന്തത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
പി എന്‍ സി/2507/2019

 

date