Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ ഒരു മരണം; 
പുഴയോര വാസികള്‍ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം
ജില്ലയില്‍ കനത്ത മഴ തുടരുകയും പുഴകളില്‍ വെള്ളം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇരിട്ടി, ഇരിക്കൂര്‍ പുഴയുടെ തീരങ്ങളിലും മറ്റ് പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവര്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയിലെ പുഴകളിലും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ള ജനങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. അതിനിടെ, ജില്ലയില്‍ കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. ഇരിട്ടി താലൂക്കില്‍ പഴശ്ശി വില്ലേജില്‍ കയനി കുഴിക്കലില്‍ കുഞ്ഞിംവീട്ടില്‍ കാവളാന്‍ പത്മനാഭന്‍ (55 വയസ്സ്) ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു അപകടം. ഉരുള്‍പൊട്ടലുണ്ടായ അടക്കാത്തോട് മേമലക്കുന്ന്, കൊട്ടിയൂര്‍ ചാപ്പമല എന്നിവിടങ്ങളില്‍ നിന്ന് 10 കുടുംബങ്ങളെ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. 
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. കുറുമാത്തൂര്‍, ചെങ്ങളായി, ശ്രീകണ്ഠാപുരം, മയ്യില്‍, കൊളച്ചേരി, ആലക്കോട് തുടങ്ങിയ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ശക്തമായ മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വീടുകളും കടകളും തകര്‍ന്നു. കൃഷിക്കും കാര്യമായ നാശങ്ങളുണ്ടായി.
പി എന്‍ സി/2791/2019

കണ്‍ട്രോണ്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
24 മണിക്കൂറും സേവനം
മഴക്കെടുതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. അടിയന്തര ഘട്ടങ്ങളിള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. കണ്ണൂര്‍ കലക്ടറേറ്റ് -0497 2713266, 2700645, 9446682300, 1077 (ടോള്‍ഫ്രീ), കണ്ണൂര്‍ താലൂക്ക് -0497 2704969, തളിപ്പറമ്പ് -04602 203142, പയ്യന്നൂര്‍ -04985 204460, തലശ്ശേരി -0490 2343813, ഇരിട്ടി -0490 2494910. വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ബോട്ട് സേവനം ആവശ്യമുള്ളവര്‍ അടിയന്തിര സാഹചര്യത്തില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് - 9447766780, ഡെപ്യൂട്ടി കലക്ടര്‍ ഡിഎം - 8547616034, ഡെപ്യൂട്ടി കലക്ടര്‍ എല്‍എ- 8547616030, ശിവപ്രസാദ് - 9744732205, മജീദ് - 8547948687, രാധാകൃഷ്ണന്‍ - 9495416053, പ്രേമരാജന്‍ - 7012759340, പത്മനാഭന്‍ - 9496361013, രാജീവന്‍ - 9496192338, സജീവന്‍ - 9995473475.  പൊലീസ് സഹായത്തിനായി - എ എസ് പി വിജയന്‍ - 9447400787 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 
പി എന്‍ സി/2792/2019

രക്ഷാദൗത്യം പുരോഗമിക്കുന്നു
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫിഷറീസ് വകുപ്പുകളുടെ സേവനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കണ്ണൂരില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ രക്ഷാ ദൗത്യത്തിനായി ദുരിതബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചു. കണ്ണൂര്‍, കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി, മട്ടന്നൂര്‍, പാനൂര്‍ മേഖലകളില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇരിട്ടി താലൂക്കിലേക്ക് 10 ബോട്ടുകളും, തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി വില്ലേജില്‍ മൂന്ന് ഫൈബര്‍ വള്ളങ്ങളും അയച്ചു. ആയിക്കര, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്നായി മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 10 തോണികളും വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 
പി എന്‍ സി/2793/2019

ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍:
231 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
ജില്ലയില്‍ വിവിധ താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇരിട്ടി താലൂക്കില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 132 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തളിപ്പറമ്പ് താലൂക്കില്‍ ആറ്് ക്യാമ്പുകളിലായി 98 കുടുംബങ്ങളും തലശ്ശേരി താലൂക്കില്‍ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തെയും പാര്‍പ്പിച്ചിട്ടുണ്ട്. 
താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍- ക്യാംപിന്റെ പേര്, ആളുകളുടെ എണ്ണം എന്നീ ക്രമത്തില്‍.
ഇരിട്ടി: വാണിയപ്പാറ ഉണ്ണീശോ പള്ളി പാരിഷ് ഹാള്‍- 17, കച്ചേരിക്കടവ് എല്‍ പി സ്‌കൂള്‍- 32, മണ്ണൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്റസ- 70, പൊറോറ യുപി സ്‌കൂള്‍- 35, മണ്ണൂര്‍ ജ്ഞാനോദയം വായനശാല- 72, ചുങ്കക്കുന്ന് ഫാത്തിമമാതാ ചര്‍ച്ച് സണ്‍ഡേ സ്‌കൂള്‍- 42, പായം ഗവ. യുപി സ്‌കൂള്‍- 3, സെന്റ് ജോസഫ് എച്ച്എസ് കുന്നോത്ത്- 230.
തളിപ്പറമ്പ്: ഇരിക്കൂര്‍ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യ- 18, ചെങ്ങളായി മാപ്പിള എല്‍പി സ്‌കൂള്‍- 56, ചെങ്ങളായി പൊക്കുണ്ട് മദ്റസ- 60, കുറ്റിയാട്ടൂര്‍ ഹിദായത്ത് ഇസ്ലാമിക് ഹയര്‍ സെക്കന്ററി മദ്റസ- 93, മലപ്പട്ടം എല്‍പി സ്‌കൂള്‍- 95, കുറുമാത്തൂര്‍ കുടുംബശ്രീ പരിശീലന കേന്ദ്രം- 60.
തലശ്ശേരി: പാണലാട് അങ്കണവാടി- 5, (ആയിപ്പുഴ ജിയുപിഎസ്സിലും പട്ടാന്നൂര്‍ കെപിസി എച്ച്എസ്എസ്സിലും ക്യാംപുകള്‍ സജ്ജീകരിച്ചിട്ടുണ്ട്)
പി എന്‍ സി/2794/2019

ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ പരമാവധി ദൂരയാത്ര ഒഴിവാക്കണമെന്നും വാഹനങ്ങള്‍ റോഡരികുകളില്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ രാവിലെ യോഗം ചേര്‍ന്നു. 
കാലവര്‍ഷക്കെടുതിയില്‍ വൈദ്യുതി മേഖലയില്‍ വന്‍ നാശ നഷ്ട്ടങ്ങളാണ് ജില്ലയില്‍ ഉണ്ടായത്. കണ്ണൂര്‍ ഡിവിഷന് കീഴില്‍ 25 എച്ച്ടി പോസ്റ്റുകളും 102 എല്‍ടി പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. 25  കിലോമീറ്ററോളം വൈദ്യുതി കമ്പികള്‍ പൊട്ടി വീഴുകയും ചെയ്തിട്ടുണ്ട്. നിരവധി ട്രാന്‍സ്ഫോമറുകള്‍ പ്രവര്‍ത്തന രഹിതമായി. കണ്ണൂര്‍ ഡിവിഷന് കീഴില്‍ മാത്രം ഏകദേശം 12 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. 
പി എന്‍ സി/2795/2019

വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
ഹരിത കേരള മിഷന്റെ ഭാഗമായി നബാര്‍ഡ്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കേരള ഭൂവികസന കോര്‍പ്പറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആഗസ്ത് 12 ന് രാവിലെ 11 മണിക്ക് കടമ്പൂര്‍ കുഞ്ഞിമോലോം ക്ഷേത്രപരിസരത്ത് നടക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ നവീകരിച്ച കുഞ്ഞുമോലോം ക്ഷേത്രക്കുളം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. വിവിധ കാര്‍ഷിക പദ്ധതികളുടെ ആനുകൂല്യ വിതരണവും മുഖ്യമന്ത്രി നിര്‍വഹിക്കും. കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം, ജില്ലാ മണ്ണ് വിഭവ ഭൂപടം കൈമാറല്‍, കടമ്പൂര്‍ പഞ്ചായത്ത് നീര്‍ത്തട ഭൂപടം കൈമാറല്‍ എന്നിവയും നടക്കും.
പി എന്‍ സി/2797/2019
           

ജില്ലയില്‍ വിദ്യാലയങ്ങള്‍ക്ക് 
വെള്ളിയാഴ്ച അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ആഗസ്ത് 9) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി ബി എസ് ഇ / ഐ സി എസ് വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.
പി എന്‍ സി/2799/2019

ബാലസാഹയത്യ പുരസ്‌കാരങ്ങള്‍ക്ക് 
20 വരെ അപേക്ഷിക്കാം
    സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2019 വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്കുള്ള കൃതികള്‍  സമര്‍പ്പിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 20 വരെ നീട്ടി. 2016, 2017, 2018 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/നോവല്‍, കവിത, നാടകം, വിവര്‍ത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കുന്നതല്ല. 
 പുസ്തകത്തിന്റെ നാല് പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 34 എന്ന വിലാസത്തില്‍ 2019 ആഗസ്റ്റ് 20 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.
പി എന്‍ സി/2800/2019

നിയമസഭാ സമിതി സിറ്റിംഗ് 13 ന്
    കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ സിറ്റിംഗ് ആഗസ്ത് 13 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ ക്ഷേമം സംബന്ധിച്ച  പരാതികള്‍ പൊതുജനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും സ്വീകരിക്കുന്നതാണ്.
പി എന്‍ സി/2801/2019

സീറ്റ് ഒഴിവ്
       വിമുക്ത ഭടന്‍മാരുടെയും ആശ്രിതരുടെയും പുനരധിവാസത്തിനായി തലശ്ശേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന സൗജന്യ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700069.
പി എന്‍ സി/2802/2019

അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കണം
       മലബാര്‍  ദേവസ്വം ബോര്‍ഡ് മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ കൈപറ്റുന്ന എല്ലാ പെന്‍ഷനര്‍മാരും ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും മണിയോര്‍ഡറായി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നിലവിലുള്ള ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് ബാങ്ക് പാസ്ബുക്കിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സപ്തംബര്‍ 30 ന് മുമ്പായി സെക്രട്ടറി, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ് പി ഒ, എരഞ്ഞിപ്പാലം, കോഴിക്കോട് 673006 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.  ഫോണ്‍: 0495 2360720.
പി എന്‍ സി/2803/2019

ലേലം ചെയ്യും
      എം എ സി ടി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തിചെയ്ത എരുവേശ്ശി അംശം ദേശത്ത് റി സ അഞ്ചില്‍പ്പെട്ട 0.3035 ഹെക്ടര്‍ ഭൂമി ആഗസ്ത് 26 ന് രാവിലെ 11 മണിക്ക് എരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി താലൂക്ക് ഓഫീസിലും എരുവേശ്ശി വില്ലേജ് ഓഫീസിലും ലഭിക്കും.
പി എന്‍ സി/2804/2019

ക്യാഷ് അവാര്‍ഡ് നല്‍കുന്നു
സാമൂഹ്യനീതിവകുപ്പ്   വിജയാമൃതം പദ്ധതി പ്രകാരം ഡിഗ്രി/തത്തുല്ല്യ കോഴ്‌സുകള്‍, പി.ജി/പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നീ വിഭാഗങ്ങളില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/കോളേജുകള്‍/മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍(പാരലല്‍കോളേജ്, വിദൂര വിദ്യാഭ്യാസം) എന്നിവിടങ്ങളില്‍ നിന്നും 2018-19 അധ്യയന വര്‍ഷം ഉന്നതവിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു.
ഡിഗ്രി കോഴ്‌സുകള്‍ക്ക് ആര്‍ട്ട്‌സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും സയന്‍സ്  വിഷയങ്ങള്‍ക്ക് 80 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. പിജി/പ്രൊഫഷണല്‍ കോഴ്‌സുകളില്‍   60 ശതമാനം  മാര്‍ക്ക്  നേടിയവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക്‌ലിസ്റ്റ്, ആധാര്‍കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം സപ്തംബര്‍  30 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാസാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2712255.
പി എന്‍ സി/2805/2019

പുരസ്‌കാര വിതരണ ചടങ്ങ് മാറ്റി
സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ആഗസ്റ്റ് 12 ന് കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാര വിതരണ ചടങ്ങ് മാറ്റിയതായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. 
പി എന്‍ സി/2806/2019

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കലകളില്‍ അഭിരുചിയുള്ള നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  2018-19 വര്‍ഷം കഥകളി, ഓട്ടന്‍തുള്ളല്‍, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ സ്‌കൂള്‍ കലോത്സവത്തില്‍ സബ്ജില്ലാ തലത്തില്‍ മത്സരിക്കുകയും  ജില്ലാതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും കുടുംബ വാര്‍ഷിക വരുമാനം 75,000 രൂപയില്‍ താഴെയുള്ളവരുമായ 2018-19 വര്‍ഷം ധനസഹായം കൈപ്പറ്റാത്ത വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  നിശ്ചിത അപേക്ഷാ ഫോറത്തില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ആഗസ്ത് 20 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.  വരുമാന സര്‍ട്ടിഫിക്കറ്റ്, ജില്ലാ തലത്തിലേക്ക് മത്സരിക്കാന്‍ യോഗ്യത നേടിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ അപേക്ഷാ ഫോമിന്റെ കൂടെ സമര്‍പ്പിക്കണം.  മാതൃകാ ഫോറം www.ddekannur.in ല്‍ ലഭിക്കും.
പി എന്‍ സി/2807/2019

റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം-077/2013) തസ്തികയിലേക്കുള്ള നിയമനത്തിനായി 2016 ജൂണ്‍ 20 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി  പൂര്‍ത്തിയായതിനാല്‍ 2019 ജൂണ്‍ 20 മുതല്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2808/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന എംഎസ് രണ്ട് വാര്‍ഡില്‍  നവീകരണ പ്രവൃത്തികള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ആഗസ്ത് 13 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
പി എന്‍ സി/2809/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ കോര്‍പറേഷനിലെ ഗവ.ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഴയ ഓടിട്ട രണ്ട് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ആഗസ്ത് 12 ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
പി എന്‍ സി/2810/2019
തുല്യതാ അധ്യാപകപരിശീലനം
ജില്ലയിലെ  നാലാംതരം തുല്യത അധ്യാപകര്‍ക്കും പ്രേരക്മാര്‍ക്കും ജില്ലാ ഡയറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ എസ് കെ ജയദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ടി വി ശ്രീജന്‍ എന്നിവര്‍ സംസാരിച്ചു. പ്രേരക് സേവനത്തില്‍ നിന്നും വിരമിച്ച കെ സുരേന്ദ്രന്‍, സി ഷൈലജ, വി സരോജിനി  എന്നിവര്‍ക്ക് സാക്ഷരതാ മിഷന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനിച്ചു.  ഡയറ്റ് അധ്യാപകരായ ഡോ. പ്രസീത പി നായര്‍, കെ രാഗേഷ്, എന്‍ സന്തോഷ്, അനുപമ ബാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 
പി എന്‍ സി/2811/2019

ആര്‍ ടി എ യോഗം മാറ്റി
ആഗസ്ത് 12 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ആര്‍ ടി എ യോഗം ആഗസ്ത്  19 ന് 11 മണിയിലേക്ക് മാറ്റിയതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2812/2019

date