Skip to main content

പ്രവാസിക്ഷേമത്തിൽ വിട്ടുവീഴ്ചയില്ലാത്തനിലപാട്: മുഖ്യമന്ത്രി

*നോർക്ക റൂട്സ് എറണാകുളം മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു
പ്രവാസിക്ഷേമകാര്യങ്ങളിൽ സർക്കാരിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  എറണാകുളം എം.ജി.റോഡ് മെട്രോ സ്റ്റേഷൻ കൊമേഴ്സ്യൽ ബിൽഡിങ്ങിൽ നോർക്ക റൂട്സിന്റെ പുതിയ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രവാസികൾ കേരളത്തിന്റെ കരുത്താണ് അവർക്ക് സഹായകമാകുന്ന മാതൃകാപ്രവർത്തനം നടത്താനാണ് സർക്കാർ  ശ്രമിക്കുന്നത്.  പ്രവാസി ക്ഷേമത്തിനായി പല പദ്ധതികളും നടത്തുന്നതോടൊപ്പം പുതിയവ ആവിഷ്‌കരിക്കാനും സർക്കാർ ആലോചിക്കുന്നു.  ഇവയെല്ലാം പ്രയോജനപ്പെടുത്തണം.  അതിനാണ് സർക്കാർ നോർക്കയിലൂടെ ശ്രമിക്കുന്നത്.  
     ലോകത്തെവിടെയുമുള്ള മലയാളികൾക്ക് നോർക്കയുമായി ബന്ധപ്പെടാനുള്ള വിപുലമായ സൗകര്യമാണ് നോർക്ക മിസ്ഡ് കോൾ പദ്ധതി. കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ള നിരവധി പ്രവാസികളുണ്ട്.  അവർക്ക് ആവശ്യമായ സഹായം ചെയ്യാനാണ് നോർക്ക ബിസിനസ് ഫെസിലിറ്റീസ് സെന്റർ പ്രവർത്തിക്കുന്നത്.  നിസ്സാര കേസുകളിൽപെട്ട് വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസികളുടെ നിയമപരമായ മോചനത്തിനായി വിദേശമന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പ്രവർത്തിച്ചുവരുന്നു.  ഇത്തരം കേസുകളിൽ പെട്ടവർക്ക് നിയമസഹായം നൽകാനും നോർക്കയിലൂടെ സർക്കാർ ശ്രമിക്കുന്നുണ്ട്.  പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്നവർക്കുള്ള സാന്ത്വനം പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 25 കോടി രൂപ സംസ്ഥാനത്ത് വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.  
    മടങ്ങിവരുന്ന പ്രവാസികളെ ചെറുകിട സംരംഭകരാക്കി നാടിന്റെ വികസനത്തിൽ പങ്കാളികളാക്കുന്നതിന് വിവിധ ധനകാര്യസ്ഥാപനങ്ങളുമായി സഹകരിച്ച് വായ്പാസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.  അസുഖം ബാധിച്ച് മടങ്ങിയെത്തുന്നവർക്ക് വീട്ടിലേക്കോ ആശുപത്രിയിലേക്കോ സുരക്ഷിതമായി എത്തുന്നതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് ആംബുലൻസ് സേവനം നൽകിവരുന്നു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ്, മറ്റു ഗാർഹിക ജോലിക്കാരായി പോകാനുദ്ദേശിക്കുന്നവർ നോർക്കയുടെ സേവനം പ്രയോജനപ്പെടുത്തിയാൽ തട്ടിപ്പുകളിൽനിന്ന് രക്ഷ നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  നെതർലാൻഡ്സിലെ നിരവധി ഒഴിവുകളിൽ നഴ്സുമാരെ നിയമിക്കാൻ നെതർലാൻഡ്സ് സർക്കാരുമായി തുടർ ചർച്ചകൾ നടത്താൻ നോർക്കയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. 
    പ്രവാസി മലയാളികളെ നാടിന്റെ വികസനത്തിൽ നേരിട്ട് പങ്കാളികളാക്കുന്ന ലോകകേരള സഭയുടെ രണ്ടാം സമ്മേളനം 2020 ജനുവരിയിൽ നടക്കും.  ഇതേ ലക്ഷ്യത്തോടെ സംസ്ഥാനത്ത് എൻആർഐ നിക്ഷേപ കമ്പനി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചുകഴിഞ്ഞു. മാവേലിക്കരയിൽ ലോക കേരള കേന്ദ്രം സ്ഥാപിക്കാനും പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പ് ഏർപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
     നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കെഎംആർഎല്ലിന്റെ ഇടപ്പള്ളി സ്റ്റേഷനിൽ ആരംഭിക്കുന്ന പ്രവാസി സംരംഭത്തിനുള്ള ലെറ്റർ ഓഫ് അവാർഡ് പ്രവാസി സംരംഭകനായ തയ്യിൽ ഹബീബീന് മുഖ്യമന്ത്രി നൽകി.  നിർമാണ പ്രവർത്തനങ്ങൾ നിർവ്വഹിച്ച കിഡ്കോയ്ക്കും ഉപഹാരം നൽകി.  ഹൈബി ഈഡൻ എം പി അധ്യക്ഷത വഹിച്ചു.  മുൻ എം പി പി.രാജീവ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.റ്റി.കുഞ്ഞുമുഹമ്മദ്, ജിസിഡിഎ ചെയർമാൻ വി.സലീം, കെഎംആർഎൽ പ്രോജക്ട് ഡയറക്ടർ തിരുമാൻ അർജുനൻ, നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ്     ആഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി, തുടങ്ങിയവർ സംസാരിച്ചു.  
പി.എൻ.എക്സ്.3090/19

date