Skip to main content

ഭൂരേഖകൾ ഇ-ഗവേണൻസ് പ്ലാറ്റ്ഫോമിലാകണം: ഗവർണർ പി.സദാശിവം

* മികച്ച ഭരണത്തിന് ഇ-ഗവേണൻസ് ദേശീയസെമിനാറിന് തുടക്കം
തർക്കങ്ങളില്ലാത്ത ഭൂരേഖകൾ ഇ-ഗവേണൻസ് പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരണമെന്ന് ഗവർണർ ജസ്റ്റിസ് (റിട്ട.) പി.സദാശിവം പറഞ്ഞു. വെല്ലുവിളി ഉയർത്തുന്ന ജോലിയാണെങ്കിലും അത് നടപ്പാക്കുന്നത് സമൂഹത്തിന് ഗുണകരമാകുമെന്ന് ഉറപ്പാണെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മികച്ച ഭരണത്തിന് ഇ-ഗവേണൻസ് ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
നിയമാനുസൃതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും യഥാർഥത്തിൽ അർഹരായവരിലേക്ക് ഗുണഫലങ്ങൾ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഓരോ ഓഫീസിന്റെയും ജോലിയെന്ന്  ഗവർണർ പറഞ്ഞു. പക്ഷെ സേവനം വിതരണം ചെയ്യുന്ന പ്രകിയയിൽ പല തടസ്സങ്ങളും താമസങ്ങളും ഉണ്ടാകുന്നു. ഇവിടെയാണ് സേവനവിതരണത്തിലെ വേഗത്തെയും സുതാര്യതയെയും കുറിച്ച് ഇ-ഗവേണൻസ് ചില പ്രത്യാശകൾ നൽകുന്നത്. 
കണക്ടിവിറ്റിയിലും മൊബൈൽ വ്യാപനത്തിലും കേരളം പ്രധാനസ്ഥാനത്താണ്. സമ്പൂർണമായും ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമായി കേരളം നിലയുറപ്പിച്ചുകഴിഞ്ഞു. സമ്പൂർണ ഡിജിറ്റൽ ശാക്തീകരണമാണ് നമ്മുടെ ലക്ഷ്യം. ആധാർ എന്റോൾമെന്റിലും ഏറെക്കുറെ എല്ലാ വില്ലേജുകളിലും അക്ഷയ സെന്ററുകൾ സ്ഥാപിക്കുന്നതിലും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ജനങ്ങളുടെ സ്വകാര്യതയും സൈബർ സുരക്ഷയും സംരക്ഷിക്കുന്നതിന് കർശനമായ നടപടികൾ ആവശ്യമുണ്ടെന്ന ഗവർണർ പറഞ്ഞു. ഇ-ഗവേണൻസ് സംരംഭങ്ങൾ പൂർണമായും നടപ്പാക്കുന്നതോടൊപ്പം അതിന്റെ പ്രക്രിയയും സാങ്കേതികവിദ്യയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനെപ്പറ്റി നിരന്തരസംവാദങ്ങൾ വേണമെന്നും ഗവർണർ പറഞ്ഞു. ശമ്പള സോഫ്റ്റ്‌വെയറിൽ ഒരു ഉദ്യോഗസ്ഥൻ കൃത്രിമം നടത്തിയതുമായ ബന്ധപ്പെട്ട വാർത്തകൾ ചൂണ്ടിക്കാട്ടി സെമിനാർ ഇത്തരം ഭീഷണികളും പരിഗണിക്കുമെന്നും  ഇ-ഗവേണൻസ് സംരംഭങ്ങൾ തികവിലേക്ക് എത്തിക്കുന്നതിനാവശ്യമായ നൂതനമായ ആശയങ്ങൾ മുന്നോട്ടുവയ്ക്കുമെന്നും പ്രത്യാശിക്കുന്നു.
വരുംവർഷങ്ങളിൽ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്കുപോലും പ്രയോജനം ലഭിക്കത്തക്കവിധം ഇ-ഗവേണൻസ് സംരംഭങ്ങൾ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവർണർ കൂട്ടിച്ചേർത്തു.
ഇ-ഗവേണൻസിന് ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തിയേ തീരൂ എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ എം.എൽ.എ പറഞ്ഞു. പ്രായോഗികതയിൽ ഊന്നിയ തീരുമാനങ്ങളാണ് നമുക്ക് വേണ്ടത്. ഇ-ഗവേണൻസിനെ പ്രായോഗികമായ കാഴ്ചപ്പാടിൽ രൂപപ്പെടുത്തുന്ന സമീപനങ്ങൾ സെമിനാറിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ.വി.ഈപ്പൻ, കേന്ദ്ര പ്രതിരോധ ഉത്പാദന സെക്രട്ടറി ഡോ. അജയ്കുമാർ, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, തുടങ്ങിയവർ സംസാരിച്ചു.  ഐഎംജി ഡയറക്ടർ കെ.ജയകുമാർ സ്വാഗതവും ഭരണപരിഷ്‌കാര കമ്മിഷൻ മെമ്പർ സെക്രട്ടറി ഷീല തോമസ് നന്ദിയും പറഞ്ഞു.
സേവനവിതരണം മെച്ചപ്പെടുത്തുന്നതിന് രാജ്യത്ത് നിലവിലുള്ള ഇ-ഗവേണൻസ് സംരഭങ്ങൾ പങ്കുവയ്ക്കുന്നത് ലക്ഷ്യമിടുന്ന സെമിനാറിൽ ദേശീയ സംസ്ഥാന തലങ്ങളിലുള്ള ഈ മേഖലയിലെ വിദഗ്ധരും ഉന്നതോദ്യോഗസ്ഥരും വിഷയാവതരണം നടത്തും. സെമിനാർ ഇന്ന് (ആഗസ്റ്റ് 27) സമാപിക്കും.
പി.എൻ.എക്സ്.3093/19

date