Skip to main content

ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

 

    ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ആരംഭിച്ച ടെന്‍ഷന്‍ ക്ലീനിക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് നിര്‍വ്വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 'സുരക്ഷ' സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗവുമായി സഹകരിച്ചാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. മാനസികസമ്മര്‍ദ്ദം കാരണം മനോനിലയിലുണ്ടാകുന്ന മാറ്റം, ആത്മഹത്യ പ്രവണത എന്നിവയുണ്ടാകാനുള്ള സാഹചര്യം മറികടക്കാന്‍ ക്ലിനിക്കിലൂടെ സാധിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. മനശാസ്ത്രജ്ഞരുടെയും കൗണ്‍സിലര്‍മാരുടെയും സേവനം ക്ലിനിക്കില്‍ ലഭിക്കും. 

    സൈക്കോ തെറാപ്പി, ഫാമിലി കൗണ്‍സിലിംഗ്, ലഹരിവിമോചനം, ആത്മഹത്യ പ്രതിരോധം, മാറാത്ത ഉത്ക്കണ്ഠകള്‍, ഉറക്കമില്ലായ്മ എന്നീ പ്രശ്‌നങ്ങള്‍ക്ക് എല്ലാ വ്യാഴാഴ്ചയും രാവിലെ ഒന്‍പതുമണി മുതല്‍ മൂന്നുവരെ ക്ലീനിക്കിന്റെ സഹായം തേടാം. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായി അമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, ബ്ലോക്ക് പഞ്ചായത്ത് സുരക്ഷാ നോഡല്‍ ഓഫീസര്‍ ഇ. നസീര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 956/2019)

date