ഭക്ഷ്യ ഭദ്രതാ നിയമം, ഇ-പോസ് മെഷീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്‍പശാല നടത്തി.
ഭക്ഷ്യ ഭദ്രതാ നിയമം നിലവില്‍ വന്നതോടെ അവശ്യ വസ്തുക്കളുടെ പൊതുവിതരണത്തിനപ്പുറം അര്‍ഹരായ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഭക്ഷണാവകാശം സംരക്ഷിക്കാന്‍ കഴിഞ്ഞതായി ഭക്ഷ്യ ഭദ്രത ജില്ലാ പരാതി പരിഹാര ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വിജയന്‍ പറഞ്ഞു. ഭക്ഷ്യ ഭദ്രത നിയമവുമായി ബന്ധപ്പെട്ട് ജില്ലാ സപ്ലൈ ഓഫീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിലെ വിവിധ ഘടകങ്ങള്‍, ഇ-പോസ് മെഷീനുകളുടെ പ്രവര്‍ത്തനങ്ങള്‍, പൊതുവിതരണ രംഗത്തെ നൂതന മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ചാണ് സെമിനാറില്‍ പ്രതിപാദിച്ചത്.
റേഷന്‍ പോര്‍ട്ടബിലിറ്റി
ഒരു റേഷന്‍ കാര്‍ഡുടമയ്ക്ക് കേരളത്തില്‍ ഏതു റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങാന്‍ കഴിയും. രാജ്യത്ത് എവിടെ നിന്നും വാങ്ങാന്‍ കഴിയുന്ന രീതിയിലേയ്ക്ക് സംവിധാനത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ശില്‍പശാലയില്‍ പ്രതിപാദിച്ചു.
ഇ- പോസ് മെഷീന്‍
ജില്ലയില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായ എല്ലാ റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇ- പോസ് മെഷീനിലൂടെ ആധാര്‍ അധിഷ്ഠിതമായാണ് റേഷന്‍ വിതരണം നടത്തുന്നതെന്നതിനാല്‍ റേഷന്‍ വിഹിതം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സാധിക്കും. ഇതിലൂടെ റേഷന്‍ വിഹിതത്തിന്റെ വകമാറ്റം പൂര്‍ണമായും തടയാന്‍ കഴിയും. ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഒ.ടി.പി, ഓഫ്ലൈന്‍ സംവിധാനങ്ങളിലൂടെയും റേഷന്‍ വിഹിതം ഉറപ്പുവരുത്തുന്നു. നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി എന്നീ നെറ്റ്വര്‍ക്ക് സൗകര്യം കുറഞ്ഞ സ്ഥലങ്ങളില്‍ മാത്രമാണ് ഇ- പോസ് സംവിധാനം പൂര്‍ണമായതോതില്‍ നടപ്പാക്കാന്‍ സാധിക്കാത്തത്.
റേഷന്‍ വിഹിതമറിയാന്‍ എസ്.എം.എസ്
ജില്ലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകളെയും അതാതുമാസത്തെ റേഷന്‍ വിഹിതം എസ്.എം.എസ് മുഖേന നേരിട്ട് അറിയിക്കുന്നുണ്ട്. ഈ സൗകര്യം ലഭ്യമാക്കുന്നതിന് ഫോണ്‍ നമ്പരുകള്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ഒരു കാര്‍ഡിന് ഒരുമാസം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യത്തിന്റെ ലഭ്യത, അളവ്, വില തുടങ്ങിയ വിവരങ്ങള്‍ എസ്.എം.എസ് മുഖേന ലഭ്യമാകും.
ജില്ലയിലെ എല്ലാ താലൂക്ക് സിവില്‍ സപ്ലൈ ഓഫീസുകളും ഇ- ഓഫീസുകള്‍ ആക്കിമാറ്റാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്ന് പട്ടാമ്പി താലൂക്ക് സിവില്‍ സപ്ലൈ ഓഫീസ് നിലവില്‍ ഇ- ഓഫീസായി മാറിയിട്ടുണ്ടെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച ജില്ലാ സപ്ലൈ ഓഫീസര്‍ കെ. അജിത് കുമാര്‍ പറഞ്ഞു. ജില്ലയിലെ 91 ശതമാനം റേഷന്‍ കാര്‍ഡുകളും ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തു. മുന്‍ഗണനാ കാര്‍ഡ് അനര്‍ഹമായി കൈവശം വെച്ചവരില്‍ നിന്നും മുപ്പതുലക്ഷത്തിലധികം തുക പിഴയിനത്തില്‍ ഈടാക്കിയതായും 16000 ലധികം ഇത്തരം കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
ഹോട്ടല്‍ ഗസാലയില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, സപ്ലൈകോ റീജ്യനല്‍ മാനേജര്‍ യു. മോളി, ചിറ്റൂര്‍, ഒറ്റപ്പാലം, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ സി.ജി. പ്രസന്നകുമാര്‍, ആര്‍. മനോജ്, എ.എസ്. ബീന എന്നിവര്‍ സംസാരിച്ചു.
- Log in to post comments