Skip to main content

കുട്ടികളുടെ മനസിനെ മുറിവേൽപ്പിക്കുന്നതാവരുത് പഠനം: മുഖ്യമന്ത്രി

കുട്ടികളുടെ ഏറ്റവും വലിയ അവകാശം കുട്ടിത്തമാണെന്നും അവരുടെ മനസിനെ മുറിവേൽപ്പിക്കുന്ന തരത്തിലാകരുത് പഠനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നിശാഗന്ധിയിൽ നടന്ന ശിശുദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനസിക സംഘർഷം കാരണം മുതിർന്ന കുട്ടികൾ പോലും ആത്മഹത്യ ചെയ്യുന്നു. കുട്ടികളെ പിരിമുറുക്കത്തിലാക്കി ഭാവി ഭദ്രമാക്കാമെന്ന് മാതാപിതാക്കൾ ചിന്തിക്കരുത്. അമിത സംഘർഷമുണ്ടായാൽ സമൂഹത്തിന് ഗുണകരമായി മാറേണ്ടവർ മറ്റൊരു അവസ്ഥയിലെത്തുന്നു. ഇത് സമൂഹം ഗൗരവമായെടുക്കേണ്ട കാര്യമാണ്. കുട്ടികളുടെ കുട്ടിത്തത്തിന് പ്രാധാന്യം നൽകണം. അവരുടെ മനസിന് പോറൽ ഏൽപ്പിക്കുന്ന ഒന്നും സംഭവിക്കരുത്. കുട്ടികൾക്ക് ഉല്ലാസത്തോടെ വളരാനാവണം. മാതാപിതാക്കളും വീട്ടുകാരും ബന്ധുക്കളും അധ്യാപകരും നാട്ടുകാരും അത് ശ്രദ്ധിക്കണം.
കുട്ടികളുമായി ബന്ധപ്പെട്ട് നിർഭാഗ്യകരമായ നിരവധി കാര്യങ്ങൾ കേൾക്കുന്നു. അവർക്ക് ദോഷകരമായ കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ സമൂഹം ജാഗ്രത പാലിക്കണം. പോക്‌സോ കേസുകൾ ശരിയായ രീതിയിൽ നടക്കുന്നത് പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. സമൂഹത്തിന്റെ ഭാഗമായ വിവിധ തലങ്ങൾ, ജുഡീഷ്യറി ഉൾപ്പെടെ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് മുൻതൂക്കം നൽകണം. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനമായി മാറുകയാണ് ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശിശുദിന സ്റ്റാമ്പും ബോധവത്കരണ ഹ്രസ്വചിത്രവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കുഞ്ഞുങ്ങളോടു ക്രൂരത കാട്ടാത്ത നല്ല ജനാധിപത്യ സമൂഹം സൃഷ്ടിക്കുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്ന് ആരോഗ്യ, വനിതാശിശുവികസന മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. വീട്ടിനുള്ളിൽ പോലും കുഞ്ഞുങ്ങൾ പീഡനത്തിന് ഇരയാകുന്ന കാലമാണിത്. കെട്ടിക്കിടക്കുന്ന പോക്‌സോ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കൂടുതൽ പോക്‌സോ കോടതികൾ പരിഗണനയിലാണ്. ഒരു അധ്യാപകന് നിശ്ചിത കുട്ടികളുടെ മേൽനോട്ടം നൽകുന്ന പുതിയ പദ്ധതിയും നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു. വി. കെ. പ്രശാന്ത് എം. എൽ. എ സന്നിഹിതനായിരുന്നു.  
രാഷ്ട്രത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അധ്യക്ഷത വഹിച്ച കുട്ടികളുടെ പ്രസിഡന്റ് തമിം ഇൻസാൻ പറഞ്ഞു. ആൾക്കൂട്ട കൊലപാതകങ്ങളും വർഗീയതയും വർദ്ധിച്ചു വരികയാണ്. കുട്ടികളും സ്ത്രീകളുമാണ് അധികവും ഇതിന്റെ ഇരകളെന്നും തമിം പറഞ്ഞു. ശിശുസൗഹൃദ സമൂഹത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പ്രധാനമന്ത്രി അമൃതശ്രീ പറഞ്ഞു. അനീതികൾക്കെതിരെ ശബ്ദം ഉയർത്തിയാൽ മാത്രമേ ചാച്ചാജി സ്വപ്‌നം കണ്ട നാട് യാഥാർത്ഥ്യമാവൂയെന്നും അമൃതശ്രീ അഭിപ്രായപ്പെട്ടു.
ശിശുക്ഷമ സമിതി ജനറൽ സെക്രട്ടറി അഡ്വ. എസ്. പി. ദീപക്, കുട്ടികളുടെ സ്പീക്കർ റോസ്‌ന ജോസഫ്, കുട്ടികളുടെ പ്രതിനിധികളായ അലീന, അക്ഷിത് കെ. അജിത്, എം. വി. ലിയോസ്, എസ്. നൻമ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.4081/19

 

date