Skip to main content

സാമൂഹ്യസുരക്ഷാ പെൻഷൻ: ബയോമെട്രിക് മസ്റ്ററിംഗ് നിർബന്ധം

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ നിന്നും നഗരസഭകളിൽ നിന്നും വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്ന ഗുണഭോക്താക്കൾക്ക് ബയോ മെട്രിക്ക് മസ്റ്ററിംഗ് നിർബന്ധമാക്കുന്നു. വാർധക്യ, വികലാംഗ, വിധവാ പെൻഷനുകൾ വാങ്ങുന്നവർക്കാണ് ഇത് ബാധകമാവുക. മസ്റ്ററിങ്ങ് നടത്തിയില്ലെങ്കിൽ അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കില്ല. ഓരോ പഞ്ചായത്തുകളിലെയും അക്ഷയകേന്ദ്രങ്ങൾ വഴിയാണ് ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും പെൻഷൻ വാങ്ങുന്നവർ, ക്ഷേമനിധി ബോർഡുകളിലെ ഗുണഭോക്താക്കൾ എന്നിവരാണ് നിർബന്ധമായും ബയോമെട്രിക് മസ്റ്ററിംഗ് ചെയ്യേണ്ടത്. പഞ്ചായത്തുകളിൽ നവംബർ 18 മുതൽ 30 വരെ ബയോമെട്രിക് മസ്റ്ററിംഗ് നടത്താം. മുനിസിപ്പൽ പരിധിയിലുള്ളവർക്കുള്ള മസ്റ്ററിംഗ് ആരംഭിച്ചിട്ടുണ്ട്. ബയോ മെട്രിക്ക് മസ്റ്ററിംഗ് ചെയ്യുന്ന ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങളിൽ ഫീസ് നൽകേണ്ടതില്ല. സംസ്ഥാന സർക്കാരാണ് അതിന്റെ ചെലവ് വഹിക്കുന്നത്. ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ട ഗുണഭോക്താവ് കിടപ്പ് രോഗിയാണെങ്കിൽ അവരുടെ വീട്ടിൽ അക്ഷയ കേന്ദ്രം പ്രതിനിധികൾ ഡിസംബർ ഒന്നുമുതൽ ഒമ്പത് വരെയുള്ള കാലയളവിൽ എത്തി സൗജന്യമായി ബയോമെട്രിക് മസ്റ്ററിംഗ് നടത്തും. കിടപ്പ് രോഗികളുടെ വിവരങ്ങൾ അവരുടെ ബന്ധുക്കൾ സമീപമുള്ള അക്ഷയ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പടെ നവംബർ 29 നകം അതത് ഗ്രാമപഞ്ചായത്ത് അല്ലെങ്കിൽ നഗരസഭാ സെക്രട്ടറിമാരെ രേഖാമൂലം അറിയിക്കണം.

ധനകാര്യ വകുപ്പ് അക്ഷയയുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണിത്. പെൻഷൻ വാങ്ങുന്ന വ്യക്തി പെൻഷൻ വാങ്ങാൻ ജീവിച്ചിരിപ്പുണ്ട് എന്ന് സാക്ഷ്യപ്പെടുത്താനാണ് ബയോമെട്രിക് മസ്റ്ററിങ് ചെയ്യുന്നത്. കണ്ണോ വിരലടയാളമോ സ്വീകരിച്ചാണ് അക്ഷയകേന്ദ്രങ്ങളിൽ മസ്റ്ററിംഗ് ചെയ്യുക. പെൻഷൻ വാങ്ങുന്നവർ മരിച്ചതിന് ശേഷവും അത് മറച്ചു വെച്ച് കുടുംബാംഗങ്ങൾ പെൻഷൻ വാങ്ങുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബയോമെട്രിക് മസ്റ്ററിംഗ് നടപ്പാക്കുന്നത്.

date