Skip to main content

പോലീസ് സ്റ്റേഷനുകൾക്ക് ഇനി പുതിയ മുഖം മാതൃകയാവാൻ കുന്നംകുളം ഹൈടെക് പോലീസ് സ്റ്റേഷൻ

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾക്ക് മാതൃകയാവാൻ കുന്നംകുളത്ത് പുതിയ ഹൈടെക് പോലീസ് സ്റ്റേഷൻ വരുന്നു. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 99.9 ലക്ഷം രൂപ ചെലവഴിച്ചാണ് കുന്നംകുളം പോലീസ് സ്റ്റേഷൻ പുനർ നിർമ്മാണം നടത്തുക. നഗരസഭ എൻജിനീയറിങ് വിഭാഗത്തിനാണ് നിർമാണ ചുമതല. കെട്ടിട നിർമ്മാണം ഉടൻതന്നെ ആരംഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് എം എൽ എ ആസ്തി വികസന ഫണ്ടുപയോഗിച്ച് ഹൈടെക് പോലീസ് സ്റ്റേഷൻ നിർമിക്കുന്നത്. 1986 മുതൽ പ്രവർത്തിച്ചുവരുന്ന പോലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ പോലീസ് സ്റ്റേഷൻ നിർമ്മിക്കുക.

തികച്ചും ആധുനിക സൗകര്യത്തോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഇരുനിലകളിലായായിരിക്കും പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ പോലീസ് സ്റ്റേഷൻ നഗരപരിധിയിൽ തന്നെ കണ്ടെത്തിയിരിക്കുന്ന വാടക കെട്ടിടത്തിലേക്ക് ഉടൻ മാറ്റുമെന്ന് സി ഐ കെ.ജി സുരേഷ് പറഞ്ഞു.

6650 ചതുരശ്ര അടിയിലാണ് പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം പണിയുന്നത്. താഴെ 3500 ചതുരശ്ര അടിയിലും ഒന്നാം നിലയിൽ 3150 ചതുരശ്ര അടിയിലുമാണ് നിർമാണം. ആകെയുള്ള 45 സെന്റിൽ 30 സെന്റിൽ പോലീസ് സ്റ്റേഷൻ കെട്ടിടവും മറ്റിടത്ത് അനുബന്ധ നിർമാണങ്ങളും നടത്തും. സംസ്ഥാനത്ത് ഇനി നിർമിക്കാനിരിക്കുന്ന പോലീസ് സ്റ്റേഷനുകൾക്ക് മാതൃകയാവുന്ന തരത്തിൽ തികച്ചും വ്യത്യസ്ഥമായായിരിക്കും കുന്നംകുളത്തെ പുതിയ പോലീസ് സ്റ്റേഷന്റെ നിർമ്മാണം. പോലീസ് സ്റ്റേഷന് മുന്നിൽ വിശാലമായ പൂന്തോട്ടം, പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. സ്റ്റേഷനുള്ളിൽ പ്രത്യേക ക്യാബിനുകൾ തിരിച്ച് സി ഐ, എസ് ഐ എന്നിവരുടെ ഓഫീസുകളും ക്രമീകരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പുകളും നിർമ്മിക്കും. ചോദ്യം ചെയ്യലിനുള്ള മുറി, പോലീസുകാരുടെ ആയുധങ്ങൾ സൂക്ഷിക്കുന്ന മുറികൾ എന്നിവയും പ്രത്യേകം സജ്ജമാക്കും. മുകൾ നിലയിൽ മിനി ഹാൾ, ജീവനക്കാർക്കുള്ള വിശ്രമമുറി എന്നിവയുണ്ടാകും. വിശാലമായ സന്ദർശന മുറിയും മറ്റൊരു പ്രത്യേകതയാണ്. ഇവിടെ ടി വി, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയൊരുക്കും. മുഴുവനായും ശീതികരിക്കുന്ന പോലീസ് സ്റ്റേഷനിൽ ഓഫീസ് പ്രവർത്തനങ്ങൾ കമ്പ്യൂട്ടറൈസ്ഡ് രീതിയിലാണ് നടത്തുകയെന്നും സി ഐ അറിയിച്ചു.

date