Skip to main content

അധ്യാപകർ എപ്പോഴും അറിവന്വേഷകരായിരിക്കണം -മന്ത്രി കെ.ടി. ജലീൽ

*മോഡൽ ഫിനിഷിംഗ് സ്‌കൂളിന്റെ ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാമിന് തുടക്കമായി
അധ്യാപകർ എപ്പോഴും അറിവന്വേഷകരായിരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീൽ പറഞ്ഞു. നൈപുണ്യമുള്ള അധ്യാപകർക്കേ നൈപുണ്യമുള്ള വിദ്യാർഥിയെ സൃഷ്ടിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിംഗ് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി റോബോട്ടിക്സ് വിഭാഗത്തിൽ സംഘടിപ്പിച്ച ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ അധ്യാപനമേഖലയിലെ പുതിയ അറിവുകൾ വിദ്യാർഥികൾ പറഞ്ഞറിയേണ്ട അവസ്ഥ വരരുത്. കുട്ടികളുടെ സംശയങ്ങൾ തീർക്കാനാവുന്ന കേന്ദ്രമായി അധ്യാപകർ മാറിയാലേ ആദരവും ബഹുമാനവും കിട്ടൂ. അധ്യാപകപദവി വലിയൊരു ഉത്തരവാദിത്തമാണ്. മറ്റേതു ജോലിയും പോലെ അതു കാണരുത്. പ്രത്യേകിച്ച്, സാങ്കേതികവിദ്യാഭ്യാസ രംഗത്ത് നല്ല അധ്യാപകർ അനിവാര്യമാണ്. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് വിവിധ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിന് അവസരം ലഭിക്കാനുള്ള വഴി മാത്രമാണ് സർട്ടിഫിക്കറ്റുകൾ. അവർ പരിശോധിക്കുന്നത് നമ്മുടെ കർമശേഷിയും നൈപുണ്യവുമാണ്. അതുകൊണ്ട് നൈപുണ്യ വികസനത്തിന് അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രധാന്യമുണ്ട്. ആ രീതിയിലേക്ക് അധ്യാപകർ മാറണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ സ്വീകരിച്ചതും ചടങ്ങിൽ വിളക്കുകൊളുത്താൻ സഹായിച്ചതും മോഡൽ ഫിനിഷിംഗ് സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും രൂപകൽപനചെയ്ത ഈവ്, തീയാ എന്നീ റോബോട്ടുകളാണ്.
ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. പി. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ഐ.ടി പാർക്ക്സ് സി.ഇ.ഒ പി.എം. ശശി മുഖ്യപ്രഭാഷണം നടത്തി. ഐ.എച്ച്.ആർ.ഡി അഡീ: ഡയറക്ടർ ഡോ: വി.എ അരുൺകുമാർ സ്വാഗതവും മോഡൽ ഫിനിഷിംഗ് സ്‌കൂൾ ഓഫീസർ ഇൻ ചാർജ് പി.എസ്. മനേക്ഷ് നന്ദിയും പറഞ്ഞു.
എ.ഐ.സി.ടി.ഇ ട്രെയിനിംഗ് ആൻറ് ലേണിംഗ് അക്കാദമിയുടെ സഹകരണത്തോടെയാണ് അഞ്ചു ദിവസത്തെ ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പി.എൻ.എക്‌സ്.4286/19

date