Skip to main content

നാളത്തെ കേരളം ലഹരി മുക്ത നവകേരളം: സംസ്ഥാനതല സിഗ്നേച്ചർ ക്യാമ്പയിനും വാഹന പ്രചാരണ യാത്രയും ഇന്ന് (ഡിസംബർ നാല്) തുടങ്ങും

* മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
* 25 ലക്ഷം കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്യും

നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ലക്ഷ്യം വച്ച് സംസ്ഥാനതല സിഗ്നേച്ചർ ക്യാമ്പയിനും വാഹന പ്രചാരണ യാത്രയും സംഘടിപ്പിക്കുന്നു. ഇന്ന് (നാലിന്) രാവിലെ പത്തിന് തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. എക്‌സൈസ് വകുപ്പിന്റെ പ്രത്യേകം സജ്ജീകരിച്ച ബോധവൽക്കര വിമുക്തി മൊബൈൽ യൂണിറ്റ് വാഹനം തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിച്ച് പത്ത് ലക്ഷം പേരുടെ കയ്യൊപ്പ് ശേഖരിക്കും. ജനുവരി 15ന് കാസർകോട് ജില്ലയിൽ സമാപിക്കുംവിധമാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെ ഉളള വിവിധങ്ങളായ ബോധവൽക്കരണ കലാപരിപാടികൾ സംഘടിപ്പിക്കും.
പരിപാടിയുടെ ഭാഗമയി ഇന്ന് (ഡിസംബർ 4) സംസ്ഥാനത്തുടനീളമുളള സ്‌കൂളുകളിലെ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്യും. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളുകളിലെയും ഹയർ സെക്കണ്ടറി സ്‌കൂളുകളിലെയും 25 ലക്ഷത്തിൽ അധികം വിദ്യാർഥി-വിദ്യാർഥിനികൾ ലഹരി ഉപയോഗിക്കുന്നതിനെതിരെയും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുമായുളള പ്രതിജ്ഞ ചെയ്യും.
സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങൾ വഹിച്ച് കൊണ്ടുളള സൈക്കിൾ റാലികളും ബൈക്ക് റാലികളും ഇന്ന് സംഘടിപ്പിക്കും. ജില്ലയിലെ സ്‌കൂളുകളെയും കോളേജുകളെയും ബന്ധിപ്പിച്ച് ഒരു വിദ്യാലയത്തിൽ നിന്നും ആരംഭിക്കുന്ന റാലി അടുത്ത വിദ്യാലയത്തിൽ അവസാനിപ്പിച്ച് അവിടെ നിന്നും അടുത്ത റാലി ആരംഭിക്കുന്ന തരത്തിലാണ് പരിപാടി.  തിരഞ്ഞെടുത്ത 90 ദിവസത്തിനുളളിൽ 40,075 കിലോമീറ്റർ ദൂരം പിന്നിടുന്ന വിവിധങ്ങളായ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ റാലികൾ, കൂട്ടയോട്ടങ്ങൾ, മനുഷ്യ ചങ്ങലകൾ തുടങ്ങിയവ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.
പി.എൻ.എക്‌സ്.4376/19

date