Skip to main content

ഗോത്രമേഖലയുടെ വികസനത്തിലെ നാഴികക്കല്ലായി ഗദ്ദിക മാറി-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ആലപ്പുഴ:  കേരളത്തിലെ  ഗോത്രസമൂഹത്തിന്റ വികസന പാതയിലെ നാഴികക്കല്ലായി പട്ടികജാതി-പട്ടികവർഗ വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗദ്ദിക മാറിയതായി കേരള ഗവർണർ ആരിഫ് മുഹമ്മദ് മുഹമ്മദ് ഖാൻ പറഞ്ഞു. മാവേലിക്കരയിൽ ആരംഭിച്ച ഗദ്ദിക 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

                                                         ഗോത്ര സംസ്കൃതിയുടെ പഴമയും പാരമ്പര്യവും  കോർത്തിണക്കി ഓണാട്ടുകര ആതിഥ്യമരുളുന്ന ഗദ്ദികയ്ക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിതെളിച്ചതോടെ തുടക്കമായി. മാവേലിക്കര മിച്ചൽ ജങ്ഷന് സമീപമുള്ള കോടിക്കൽ ഗാർഡൻസിലാണ് മേള. എല്ലാ വികസിത സമൂഹങ്ങളും ആരംഭിച്ചത് ഗോത്ര സമൂഹങ്ങളായാണെന്ന് തിരിച്ചറിയണം. കേരളത്തിലെ ഗോത്ര മേഖലയിലെ സാക്ഷരതാ നിലവാരം ഏറെ ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണ്. കേരള സർക്കാരിന്റെയും പട്ടിക ജാതി വകുപ്പിന്റെയും പ്രവർത്തനഫലമായി  ഈ വിഭാഗത്തിലെ 34 യുവാക്കളെ വിദേശത്ത് ജോലിനേടാൻ സഹായിക്കാനായത് നിസാരമല്ലെന്നും മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും അനുമോദനം അർഹിക്കുന്നതായും ഗവർണർ പറഞ്ഞു. ഗോത്ര സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മുതലെടുത്ത് തീവ്ര ആശയങ്ങളുള്ളവർ പിടിമുറുക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ഗോത്ര ഉത്പ്പന്നങ്ങളും കലാരൂപങ്ങളും ഇത്തരത്തിലുള്ള മേളകളിലൂടെ പൊതുജനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുന്നു. ഇത്തരത്തിലൊരു മേളക്ക് ആതിഥ്യമരുളുന്നതോടെ ഗോത്ര വർഗ്ഗക്കാരുടെ ഉന്നമനത്തിത്തിലുള്ള താൽപര്യമാണ് മാവേലിക്കരക്കാർ കാണിക്കുന്നത്. ഓരോ ഗദ്ദികയേയും ജനങ്ങൾ  ആവേശത്തോടെയാണ് സ്വീകരിച്ചത്.  ഇന്നത്തെ പല സംസ്കാരങ്ങളുടേയും അടിത്തറ ഇത്തരം ഗോത്രസംസ്കാരങ്ങളിലൂടെയാണെന്നും ഗവർണർ ഓർമ്മിപ്പിച്ചു. ഭരണഘടനയുടെ പിൻബലം കൂടി ലഭിക്കുമ്പോൾ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനം യാഥാർഥ്യമാക്കാൻ കഴിയുമെന്നും ഗവർണർ പറഞ്ഞു. ഗോത്ര വൈദ്യ രീതികൾ, ഭക്ഷണരീതികൾ, കലാരൂപങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവുമാണ് ഗദ്ദിക മേളയെ ഇത്രയേറെ ജനകീയമാക്കിയത്. ലളിതകലാ അക്കാദമി, ഫോക്ലോർ അക്കാദമി എന്നിവയുടെ സഹകരണവും ഗദ്ദിക മേളക്ക് കൂടുതൽ പ്രശസ്തി നൽകി.പരമ്പരാഗത ഉൽപ്പന്നങ്ങളും വനവിഭവങ്ങളും ആമസോണിലൂടെ ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. ആമസോൺ വഴി 200 ഓളം ഗോത്രവർഗ ഉൽപ്പന്നങ്ങൾ ഗദ്ദിക വഴി ലഭ്യമാക്കും. പട്ടികജാതി വികസന വകുപ്പിൻറെ നയങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ആരംഭിച്ച മൊബൈൽ ആപ്പിന്റെ  ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

 

പട്ടികജാതി-പട്ടികവർഗ സാംസ്കാരിക വകുപ്പുമന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. ആയിരത്തോളം കലാകാരൻമാരും അഞ്ഞൂറോളം പാരമ്പര്യ ശില്പ്പികളും ഗദ്ദികയിൽ പങ്കെടുക്കുന്നു. പൊതുധാരയിൽ നിന്നും ഗോത്രകലകൾ ഒറ്റപ്പെടുന്നത് ഒഴിവാക്കാനാണ് ഗദ്ദിക പോലുള്ളത് അനിവാര്യമാകുന്നത്.ഗദ്ദിക വഴി ഇതുവരെ രണ്ടരലക്ഷം കോടി രൂപയിലധികം ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിഞ്ഞു. ഈ സർക്കാർ പദ്ധതിയായ പഠനമുറി മുന്നോട്ട് കൊണ്ടുപോകുന്നു. പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്നിടത്ത് പഠന സൗകര്യങ്ങളോടെയുള്ള മുറിയൊരുക്കുകയാണ് ചെയ്യുന്നത്. ഇതുവരെ 10000 പഠനമുറികൾ തയ്യാറാക്കി. ഈ വർഷം അവസാനത്തോടെ അത് 25000 ആകുമെന്നും മന്ത്രി പറഞ്ഞു 

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമൻ മുഖ്യാതിഥിയായി. ആർ.രാജേഷ് എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ ലീല അഭിലാഷ് ,പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്,  ജില്ല കളക്ടർ എം.അഞ്ജന, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ.പി.പുഗഴേന്തി, നഗരസഭാംഗം കെ.ഗോപൻ എന്നിവർ പ്രസംഗിച്ചു. ഡിസംബർ 12 വരെയാണ് മേള.

 

date