Skip to main content

പഴുതടച്ച സുരക്ഷയില്‍ ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം

പഴുതടച്ച് കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയ ശബരിമലയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തീര്‍ത്ഥാടക പ്രവാഹം.
വെള്ളിയാഴ്ച രാത്രി വരെ സന്നിധാനത്ത് കൂടുതല്‍ സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേത്രാചാരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമാണ് നിയന്ത്രണമെന്ന് സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് അറിയിച്ചു. നടപ്പന്തലില്‍ തിങ്ങി നിറഞ്ഞ ഭക്തരെ പതിനെട്ടാം പടിയിലേക്ക് ഘട്ടംഘട്ടമായാണ് കടത്തിവിടുന്നത്. വിരിവെക്കുന്ന ഇടങ്ങളിലും നെയ്യഭിഷേകത്തിനും നല്ല തിരക്കുണ്ട്.
സുരക്ഷയുടെ ഭാഗമായി ഈ ദിവസത്തേക്ക് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്ത്തേങ്ങ ഉടയ്ക്കുന്നതിന് അനുവദിക്കുന്നില്ല. മാളികപ്പുറത്തേക്ക് പോകുന്ന വഴിയില്‍ നെയ്ത്തോണിയില്‍ നെയ്ത്തേങ്ങ ഉടയ്ക്കാം.
സുരക്ഷയുടെ ഭാഗമായി സന്നിധാനത്ത് മൊബൈല്‍ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടപ്പന്തല്‍ കഴിഞ്ഞ് പടി കയറുന്നതിന് മുമ്പായി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പോലീസ് നിര്‍ദേശിക്കുന്നു. മാളികപ്പുറം ക്ഷേത്രദര്‍ശനം കഴിഞ്ഞതിന് ശേഷമേ ഭക്തര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യാവൂ.
സന്നിധാനത്ത് ഹൈപോയിന്റ് ബൈനോക്കുലര്‍ മോണിറ്ററിംഗ് ഉണ്ട്. ബ്ലാക്ക് കമാന്‍ഡോകള്‍ സന്നിധാനത്തും പരിസരത്തും നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്.
വ്യാഴാഴ്ച രാത്രി നട അടച്ച ശേഷം സോപാനത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സന്നിധാനത്ത് വെള്ളം സംഭരിച്ച എല്ലാ സ്ഥലങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. എല്ലായിടത്തും ഫയര്‍ഫോഴ്സിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പ്രത്യേക പരിശോധന ഉണ്ട്.
ട്രാക്ടറുകള്‍ പമ്പക്ക് പുറമെ മരക്കൂട്ടത്തും പരിശോധിക്കുന്നു. കേരള പോലീസിന് പുറമെ എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ് കേന്ദ്ര സേനകളും ജാഗ്രതയിലാണ്.

date