Skip to main content

തീര്‍ഥാടകര്‍ക്ക് സഹായവുമായി തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ സെന്റര്‍

ശബരിമല സന്നിധാനത്ത് എത്തുന്ന തമിഴ്നാട് സ്വദേശികളായ തീര്‍ഥാടകര്‍ക്ക് സഹായവുമായി നടപ്പന്തലിലെ തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അഞ്ചാംവര്‍ഷത്തില്‍. സന്നിധാനം ശ്രീധര്‍മ്മശാസ്ത ഓഡിറ്റോറിയത്തിന് സമീപത്തെ ഐ.പി.ആര്‍.ഡി മീഡിയ സെന്ററിനോട് ചേര്‍ന്നാണ് തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട് സര്‍ക്കാറിന്റെ ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന് കീഴിലെ കന്യാകുമാരി ഡിസ്ട്രിക്ട് ടെമ്പിള്‍സ് ആണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സന്നിധാനത്തിന് പുറമെ തേനി, മധുര, കുമളി, കളിയിക്കാവിള, തെങ്കാശി എന്നിവിടങ്ങളിലും ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് മകരവിളക്ക് വരെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. രണ്ട് വീതം ജീവനക്കാര്‍ ഇവിടങ്ങളിലെ ഓരോ ഓഫീസിലും സേവനനിരതരാണ്.
സന്നിധാനത്ത് ദര്‍ശനത്തിനും അഭിഷേകത്തിനും സഹായം, ടി.എന്‍.ടി.സി, കെ.എസ്.ആര്‍.ടി.സി ബസ് സമയം, ട്രെയിന്‍ സമയം എന്നിവ സംബന്ധിച്ച വിവരം നല്‍കല്‍, വി.ഐ.പി സന്ദര്‍ശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ എന്നിവയാണ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം. കന്യാകുമാരി ഡിസ്ട്രിക്ട് ടെമ്പിള്‍സ് ജീവനക്കാരായ എസ്. സതീഷ് കുമാര്‍, എസ്. സന്ദീപ് കുമാര്‍ എന്നിവരാണ് ഈ വര്‍ഷം ഇന്‍ഫര്‍മേഷന്‍ സെന്ററിലുള്ളത്. ഫോണ്‍: +917358839969, +918531070571.

date