Skip to main content

 ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍  അക്യു പങ്ചര്‍ ചികിത്സാ രീതി തുടങ്ങി

 

ഭാരതീയ ചികിത്സാ വകുപ്പ് യോഗ-പ്രകൃതി ചികിത്സ പദ്ധതിയുടെ ഭാഗമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അക്യു പങ്ചര്‍ ചികിത്സാ രീതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിവിധ ചികിത്സാരീതികള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമാണ് ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന അക്യു പങ്ചര്‍ ചികിത്സാ രീതി. ആയുര്‍വേദ ചികിത്സാ രംഗത്തിനും ഇപ്പോള്‍ വളരെയധികം പ്രചാരം ലഭിക്കുന്നുണ്ട്. വിദേശികളടക്കം ചികിത്സക്ക് എത്തുന്നു. ജില്ലാ ആയുര്‍വേദ ആശുപത്രി വികസനത്തിന്റെ ഭാഗമായി പുറക്കാട്ടിരിയില്‍ കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ശിലയിട്ടു കഴിഞ്ഞതായും 10 നില വരെ നിര്‍മ്മിക്കാന്‍ കഴിയുന്ന കെട്ടിട സമുച്ചയത്തില്‍ ആദ്യഘട്ടത്തില്‍ നാല് നില നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബാബു പറശേരി പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡോ. കെ സിതാര ചികിത്സാ രീതി വിവരിച്ചു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ എം കെ ബാലകൃഷ്ണന്‍, നാസര്‍ പള്ളിപറമ്പില്‍, ജയന്‍ വെസ്റ്റ്ഹില്‍, മനോജ് പൂഴിയില്‍, ആശുപത്രി സൂപ്രണ്ട് ഡോ. എ പ്രീത, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി സി ജസി എന്നിവര്‍ സംസാരിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത്  മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അക്യു പങ്ചര്‍  പരിശോധനയും ചികിത്സയും ലഭിക്കും.

 

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ജില്ലയില്‍

 

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ( ഡിസംബര്‍ 6) ഒന്‍പത് മണി- കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിനുസമീപം ബീച്ച് ഹെല്‍മറ്റ് ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം, 10.30 -സൈനിക ക്ഷേമ ഓഫീസ് പതാകദിനാചരണം ഉദ്ഘാടനം, ഡിസംബര്‍ 8 ന് 4.30- തലക്കൂളത്തൂര്‍ തിരുവോട്ട് ക്ഷേത്രം ചുളളിയില്‍ താഴം റോഡ് ഉദ്ഘാടനം,  5.30 -ഗവ. മോഡല്‍ എച്ച്.എസ്.എസ് ലോട്ടറി ക്ഷേമ നിധി ബോര്‍ഡ് കലാകായികമേള ഉദ്ഘാടനം. 

 

ലൈഫ് മിഷന്‍ : യോഗം ഇന്ന്

 

ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിനും രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിനും മുന്നോടിയായി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ മേഖലാതല യോഗം ചേരും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവരുടെ യോഗം ഇന്ന്(ഡിസംബര്‍ 7) ഉച്ചയക്ക് രണ്ട് മണിക്ക് കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.   

 

 

കുടുംബക്ഷേമ ഉപകേന്ദ്രം പുതിയ കെട്ടിടത്തിന്റെയും
19 റോഡുകളുടെയും ഉദ്ഘാടനം ഇന്ന്

 

പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ തലയാട് കുടുംബക്ഷേമ ഉപകേന്ദ്രം പുതിയ കെട്ടിടത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ചാം വാര്‍ഡില്‍ നിര്‍മ്മിച്ച 19 റോഡുകളുടെയും ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 7) വൈകീട്ട് 4.30 മണിക്ക് എക്സൈക് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടി അധ്യക്ഷത വഹിക്കും. സ്വാഗതസംഘം കണ്‍വീനര്‍ ഒ.ആര്‍ ബാലകൃഷ്ണന്‍, വാര്‍ഡ് കണ്‍വീനര്‍മാരായ പി.പി തോമസ്, എം.പി അജീന്ദ്രന്‍, ബെന്നി ജോസ്, വി.ജെ മാത്യു, വയലട മെഡിക്കല്‍ ഓഫീസര്‍ ഡോ നിഷ എന്നിവര്‍ പങ്കെടുക്കും

 

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ഇന്ന്

 

സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്ന് (ഡിസംബര്‍ 7)  രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ നേഴ്സ്,  വെബ് ഡവലപ്പര്‍,  ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജര്‍, ബിസിനസ്സ് എക്സിക്യൂട്ടീവ്, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്, ഏജന്‍സി മാനേജര്‍, ടെലികോളര്‍, ഓഫീസ് അഡ്മിനിസ്ട്രേഷന്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതം സെന്ററില്‍  എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495  2370176.  

 

സര്‍ഗോത്സവം -2019 
സംഘാടക സമിതി രൂപീകരണ യോഗം 9 ന് 

 

പട്ടികവര്‍ഗ വര്‍ഗവികസന വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയും ഹോസ്റ്റലുകളിലേയും കുട്ടികളുടെ സംസ്ഥാന കലാമേളയായ സര്‍ഗോത്സവം ഡിസംബര്‍  27,28,29 തീയതികളില്‍ ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടത്തും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ഡിസംബര്‍ 9 ന് കലക്ടറുടെ ചേമ്പറില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരും. 

 

 

ഹോട്ടല്‍ മാനേജ്മെന്റ് മേഖലയില്‍ പരിശീലനം 

 

 

കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സാഗര്‍മാല പദ്ധതിയില്‍ അസിസ്റ്റന്റ് കാറ്ററിംഗ് മാനേജര്‍ കോഴ്സ് സംഘടിപ്പിക്കും. സൗജന്യമായി നടപ്പിലാക്കുന്ന കോഴ്സില്‍ ഒഴിവുള്ള 15 സീറ്റുകളിലേക്ക് എറണാകുളം, കോഴിക്കോട് ജില്ലകളിലെ തീരദേശമേഖലയില്‍ താമസിക്കുന്ന 18 നും 30നും ഇടയില്‍ പ്രായമുള്ള യുവതീ, യുവാക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കും. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. അഡ്മിഷന് : 9020643160, 9746938700.

 

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) : അഭിമുഖം 11 ന്

 

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി)(കാറ്റഗറി നമ്പര്‍ 231/2016) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള രണ്ടാംഘട്ട അഭിമുഖം ഡിസംബര്‍ 11 ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല.

 

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

കൊല്ലം ജില്ലയിലെ ചവറയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്ഷന്‍ 17 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ്, ഡിപ്ലോമ, ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്, ബിരുദം, ബി.ടെക്ക്. പൂര്‍ത്തിയാക്കിയവര്‍ അനുയോജ്യമായ 3 മാസം മുതല്‍ ഒരുവര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന കോഴ്സുകളുണ്ട്. കേരള അക്കാദമി ഫോര്‍ സ്‌ക്കില്‍സും യു.എല്‍.സി.സി.എസ്സും ചേര്‍ന്നാണ് കോഴ്സ് നടത്തുന്നത്. അപേക്ഷ ഡിസംബര്‍ 21 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iiic.ac.in,  ഫോണ്‍ :  8078980000.

 

നോര്‍ക്ക റുട്ട്സ് മുഖേന വനിത നഴ്സുമാര്‍ക്ക്  അവസരം

 

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള  ആശുപത്രികളിലേക്ക്  വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), കാര്‍ഡിയാക് സര്‍ജറി, എമര്‍ജന്‍സി, ഓണ്‍ക്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഡിസംബര്‍ 23 മുതല്‍ 27 വരെ കൊച്ചിയിലും ബാംഗ്ളൂരുവിലും അഭിമുഖം നടക്കും. താല്പര്യമുള്ളവര്‍ www.norkarosto.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി ഡിസംബര്‍ 19.  കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

 

എംപ്ളോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം 

 

വടകര എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പുതുക്കാന്‍ വിട്ടുപോയവര്‍ക്കും (രജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/98 മുതല്‍ 08/19 വരെ  രേഖപ്പെടുത്തിയവര്‍ക്ക്), സീനിയോറിറ്റി നഷ്ടപ്പെടുത്തി റീ റജിസ്റ്റര്‍ ചെയ്തവര്‍ക്കും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ ചെയ്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍/സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കും. രജിസ്ട്രേഷന്‍ പുന:സ്ഥാപിച്ചു ലഭിക്കേണ്ടതിന് ഉദ്ദ്യോഗാര്‍ത്ഥികള്‍ എംപ്ളോയ്മെന്റ് കാര്‍ഡും എല്ലാ സര്‍ട്ടിഫിക്കറ്റുകളും  സഹിതം ഡിസംബര്‍ 31 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ വടകര എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായി പുതുക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.employment.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും പുതുക്കാം. 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ സ്മാര്‍ട്ട് സെമിനാര്‍ ഹാളിലേക്ക് പോഡിയം വിത്ത് പിഎ സിസ്റ്റം വാങ്ങുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17 ന് രണ്ട് മണി വരെ. ഫോണ്‍ :0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.

 

ബാങ്കിംഗ് സമിതി അവലോകന യോഗം ചേര്‍ന്നു 

 

ഈ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ ബാങ്കുകള്‍ ആകെ വായ്പയായി അനുവദിച്ചത് 9917.45 കോടി രൂപ. മൊത്തം വായ്പയുടെ 55 ശതമാനം മൂന്‍ഗണനാ വിഭാഗത്തിലാണ്. സെപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാംപാദത്തില്‍ കോഴിക്കോട് ജില്ലയിലെ നിക്ഷേപം 43440 കോടിയും വായ്പ 35959 കോടിയും ആണ്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 83 ശതമാനം ആണ്. കാര്‍ഷിക മേഖലയില്‍ 3750 കോടി രൂപയും കാര്‍ഷികേതര മേഖലയില്‍ 1471 കോടി രൂപയും മൊത്തം മുന്‍ഗണനാ വിഭാഗത്തില്‍ 6237 കോടി രൂപയും ജില്ലയിലെ ബാങ്കുകള്‍ വായ്പയായി അനുവദിച്ചു.

ഹോട്ടല്‍ മലബാര്‍ പാലസില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എഡിഎം രോഷ്നി നാരായണല്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ പുരുഷന്‍ കടലുണ്ടി മുഖ്യപ്രഭാഷണം നടത്തി. കനറാബാങ്ക് കോഴിക്കോട് റീജിയണല്‍ അസി. ജനറല്‍ മാനേജര്‍ മോഹനന്‍ കോറോത്ത് കോഴിക്കോട് ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.ബി.ഐ എ.ജിഎം മനോഹരന്‍ പി.വി, നബാര്‍ഡ് ഡിജിഎം ജെയിംസ് പി ജോര്‍ജ്ജ് എന്നിവര്‍ വിവിധ മേഖലകളെപ്പറ്റി അവലോകനം നടത്തി. ജില്ലയിലെ വിവിധ ബാങ്കുകളിലേയും സര്‍ക്കാര്‍ വകുപ്പുകളിലേയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളിലേയും ജില്ലാതല മേധാവികള്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ നബാര്‍ഡിന്റെ പൊട്ടന്‍ഷ്യല്‍ ലിങ്ക്ഡ് പ്ലാന്‍ യോഗത്തില്‍ എ.ഡി.എം റോഷ്നി നാരായണന്‍ പ്രകാശനം ചെയ്തു. ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ കെ.എം ശിവദാസന്‍, കൊടുവളളി എഫ്എല്‍സി അയോണ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

 

 

 ഭാഗ്യക്കുറി  ക്ഷേമനിധി ബോര്‍ഡ് : ജില്ലാതല കലാ-കായിക മത്സരങ്ങള്‍ നാളെ

 

 

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങളുടെയും  കുടുംബാംഗങ്ങളുടെയും ജില്ലാതല കലാ-കായിക മത്സരങ്ങള്‍ നാളെ (ഡിസംബര്‍ 8) ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ ഒന്‍പത്  മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാല് മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ജില്ലയിലെ എല്ലാ ഭാഗ്യക്കുറി ഏജന്റുമാരും വില്‍പ്പനക്കാരും നിര്‍ബ്ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിര്‍ കെ.പി. ജമീല അറിയിച്ചു.

 

 

മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല

 

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇക്കഴിഞ്ഞ നവംബര്‍ ആറിന് മരിച്ച കാരി (72 ്), 25 ന് മരിച്ച ലക്ഷമി (40) എന്നിവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവര്‍ വെളളയില്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന സബ് ഇന്‍സ്പെക്ടര്‍  അറിയിച്ചു. 

 

കുടുംബശ്രീ : സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ടെക്നോവേള്‍ഡ് ഐ.ടി. യൂണിറ്റില്‍ നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പതിനഞ്ച് വര്‍ഷത്തോളമായി സംസ്ഥാന സര്‍ക്കാരിന്റേയും വിവിധ അര്‍ദ്ധസര്‍ക്കാര്‍ ഏജന്‍സികളുടെയും ഡാറ്റാ എന്‍ട്രി ജോലികള്‍ ഫലപ്രദമായി ഏറ്റെടുത്ത് നടത്തിയ ടെക്നോവേള്‍ഡിന്റെ കീഴില്‍ ഡൊമസ്റ്റിക്ക് ഡാറ്റാ എന്‍ട്രി,  റീട്ടെയില്‍ സെയില്‍സ് ആന്‍ഡ് സര്‍വ്വീസ് എന്നീ മേഖലകളിലാണ് പരിശീലനം. റസിഡന്‍ഷ്യല്‍ രീതിയിലായിരിക്കും പരിശീലനം. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റും ഉറപ്പുവരുത്തും. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന 18 നും 35 വയസ്സിനുമിടയിലുളള ക്രിസ്ത്യന്‍, മുസ്ലീം വനിതകള്‍ക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് 0495 4855920. 

 

മൊബൈല്‍ ആപ്പ് ഡെവലപ്പര്‍, ജൂനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ : സൗജന്യ  പരിശീലനം

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഔറ(Aura) എഡ്യൂക്കേഷണല്‍ സൊസൈറ്റി നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ആപ്പ് ഡെവലപ്പര്‍, ജൂനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ എന്നീ മേഖലകളിലാണ് പരിശീലനം. റസിഡന്‍ഷ്യല്‍ രീതിയിലായിരിക്കും പരിശീലനം. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റും ഉറപ്പുവരുത്തും. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന 18 നും 35 വയസ്സിനുമിടയിലുളള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് 9539575683. 

 

ഡയറി പദ്ധതിയില്‍ പരിശീലനം സംഘടിപ്പിച്ചു 

 

സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ ആദിവാസി വനിതകളുടെ സമഗ്രശാക്തീകരണം ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നാല് ആദിവാസി ഊരുകളില്‍ പരിക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് വനമിത്ര. പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയില്‍ എസ്.ടി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന ഡയറി പദ്ധതിയുടെ ഗുണഭോക്താകളെ കണ്ടെത്തുന്നതിനുളള പരിശീലനം മുതുകാട് കോമണ്‍ഫെസിലിററി സെന്ററിലെ വനമിത്ര പരിശീലന കേന്ദ്രത്തില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.എസ്.സലീഖ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി. ഡയറി പദ്ധതിയെകുറിച്ച് വിശദികരിച്ചു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്സണ്‍  ഷീന പുരുഷു, വാര്‍ഡ് മെമ്പര്‍ ബിജു, കേരള വെററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിററി അസിസ്റ്റന്റ്  പ്രൊഫസര്‍ ഡോ പി.ടി.സുരാജ്, ചക്കിട്ടപ്പാറ വെററിനറി സര്‍ജന്‍ ഡോ.സന്തോഷ്, കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ മേഖല മാനേജര്‍ ഫൈസല്‍മുനീര്‍, എസ്.ടി പ്രൊമോട്ടര്‍മാരായ മിനിജ, സൗമ്യ, ഊര് മുപ്പന്‍മാരായ കറുപ്പന്‍, ചന്തു, വനമിത്ര കമ്മിററഡ് സോഷ്യല്‍വര്‍ക്കര്‍മാരായ രശ്മി, സാജിത എന്നിവര്‍ സംസാരിച്ചു.   

നരേന്ദ്രദേവ്, സീതപ്പാറ, കൊളത്തൂര്‍, ആലമ്പാറ എന്നീ നാല് ആദിവാസി കോളനികളില്‍ നിന്ന് 70 ഓളം സ്ത്രീകള്‍ പരിശീലനത്തില്‍ പങ്കെടുത്തു. പ്രൊഫസര്‍ ഡോ. പി.ടി.സുരാജ്   ക്ലാസ്സെടെുത്തു. 

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

2019-20  അധ്യയന വര്‍ഷത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ എന്‍.എസ്.ക്യു.എഫ്  (സി.ജെ.പി.എസ്) ലാബുകളിലേക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 19 ന് മൂന്ന് മണി വരെ. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഗവഃ മാപ്പിള വി.എച്ച്എസ്.എസ് ഓഫീസുമായി ബന്ധപെടുക .ഫോണ്‍ : 9495209739.

 

ജില്ലാ ക്ഷീര കര്‍ഷകസംഗമം 
15,16 തിയതികളില്‍ കൈവേലിയില്‍

 

 

ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ഡിസംബര്‍ 15,16 തിയതികളില്‍ കൈവേലി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. സംഗമവും മികച്ച ക്ഷീര കര്‍ഷകനെ ആദരിക്കലും 16ന് രാവിലെ 10ന് ക്ഷീര വികസന-വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി  അഡ്വ. രാജു ഉദ്ഘാടനം ചെയ്യും. ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മികച്ച ക്ഷീര സംഘത്തിനുള്ള പുരസ്‌കാരം കെ മുരളീധരന്‍ എംപി സമ്മാനിക്കും. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എസ് ശ്രീകുമാര്‍ പദ്ധതി വിശദീകരിക്കും. 'ക്ഷീരമേഖല അതിജീവന പാതയില്‍' എന്ന വിഷയത്തില്‍ രാവിലെ 9ന് നടക്കുന്ന സെമിനാറില്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം പ്രകാശ് വിഷയമവതരിപ്പിക്കും.

കൈവേലി ക്ഷീര സഹകരണ സംഘത്തിന്റെ ആഭിമുഖ്യേത്തില്‍ നടത്തുന്ന സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഗവ്യ ജാലകം, ഡയറി എക്സ്പോ, സഹകരണ ശില്‍പ്പശാല, വ്യക്തിത്വ വികസന ക്ലാസ്, ജില്ലയിലെ യുപി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള കുട്ടികള്‍ക്ക് ചിത്ര രചനാ മത്സരം, ഡയറി ക്വിസ്, കലാസന്ധ്യ തുടങ്ങിയ പരിപാടികളും നടക്കും. 15ന് വൈകിട്ട് അഞ്ചിന് നടക്കുന്ന കലാസന്ധ്യ സിനിമാ താരം ശ്രീജിത്ത് കൈവേലി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ക്ഷീര സംഘങ്ങളിലെയും നരിപ്പറ്റ പ്രദേശത്തെയും കലാപ്രതിഭകള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

 

 

ഒറ്റത്തവണ ഉപഭോഗ പ്ലാസ്റ്റിക് വസ്തുകളുടെ നിരോധനം;
പ്രദര്‍ശനം സംഘടിപ്പിക്കും

 

 

ജനുവരി ഒന്ന് മുതല്‍ സര്‍ക്കാര്‍ ഒറ്റത്തവണ ഉപഭോഗ പ്ലാസ്റ്റിക് വസ്തുകളുടെ നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജി്ല്ലാതല പ്രദര്‍ശനം സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പ്രകൃതി സൗഹ്യദ ബദല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം, വിപണനം, പരിശീലനം എന്നിവ നടത്തുന്ന സംരംഭകര്‍, ഗ്രൂപ്പുകള്‍, വ്യക്തികള്‍ എന്നിവരെ ഉള്‍ക്കൊളളിച്ചാണ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഡിസംബര്‍ 14 നകം പേര് രജിസ്റ്റര്‍ ചെയ്യണം. എക്സിബിഷന്റെ സ്ഥലം, തീയതി എന്നിവ പിന്നീട് അറിയിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് : 9497291445, 9400247420, 6238563480. 

 

 

അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

കുന്ദംഗലം ഐസിഡിഎസ് പ്രൊജക്ടിനു കീഴില്‍ പെരുവയല്‍, കുരുവട്ടൂര്‍, ചാത്തമംഗലം എന്നീ പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളില്‍ വര്‍ക്കര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിലെ സ്ഥിരം താമസക്കാരും എസ്എസ്.എല്‍സി പാസ്സായ 18 നു 46 നും മധ്യേ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 26. വിലാസം - ശിശു വികസന പദ്ധതി ഓഫീസര്‍, കുന്ദമംഗലം 673571. അപേക്ഷയുടെ മാതൃക കുന്ദമംഗലം ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലോ, അടുത്തുളള അങ്കണവാടികളിലോ ലഭിക്കും.

 

മോട്ടോര്‍ സൈക്കിള്‍ റാലി ഇന്ന് 

മോട്ടോര്‍ വാഹന വകുപ്പ് കോഴിക്കോട് ആര്‍.ടി ഓഫീസിന്റെ നേതൃത്വത്തില്‍ ഹെല്‍മറ്റ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് നഗര വീഥിയില്‍
സംഘടിപ്പിക്കുന്ന മോട്ടോര്‍ സൈക്കിള്‍ റാലി ഇന്ന്് (ഡിസംബര്‍ 7) രാവിലെ  ഒന്‍പത് മണിക്ക് ബീച്ചില്‍ ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മോട്ടോര്‍ സൈക്കിളിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് കൂടി ഡിസംബര്‍ ഒന്ന് മുതല്‍ ഹെല്‍മറ്റ് നിര്‍ബ്ധമാക്കിയ സാഹചര്യത്തിലാണ് ഈ പരിപാടി. ബീച്ചില്‍ നിന്ന് തുടങ്ങുന്ന റാലി പിന്‍സീറ്റിലിരുന്ന് ഹെല്‍മറ്റ് ധരിച്ചുയാത്ര ചെയ്തുകൊണ്ടാണ് മന്ത്രി നിര്‍വ്വഹിക്കുക. ഇരുചക്ര വാഹന ഡീലര്‍മാരും ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ് ഭാരവാഹികളും റാലിയില്‍ പങ്കെടുക്കും. വരും ദിവസങ്ങളില്‍ ഹെല്‍മറ്റ് നിയന്ത്രണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കോഴിക്കോട് ആര്‍.ടി.ഒ എം.പി സുബാഷ്ബാബു അറിയിച്ചു.  

 

പേരാമ്പ്ര ഐ.സി.ഡി.എസ് : ടെന്‍ഡര്‍ ക്ഷണിച്ചു

 

പേരാമ്പ്ര ഐ.സി.ഡി.എസ് ലെ 171 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന്് ടെന്‍ഡര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17. ഫോണ്‍ 0496 2612477.

date