Skip to main content
ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം

ആര്‍ദ്രം ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കം 

 

ആര്‍ദ്രം ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം  നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍ നിര്‍വഹിച്ചു.   ഫാസ്റ്റ്ഫുഡ് സംസ്‌കാരവും, പച്ചക്കറി കൃഷിയിലെ അമിത രാസവളപ്രയോഗവും മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നത്. ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ പേര്‍ കൃത്യമായി രോഗനിര്‍ണയത്തിനും ചികിത്സക്കും വിധേയരാകുന്നുണ്ട്. ഇതിലൂടെ രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍  കഴിയുന്നുണ്ടെന്നും നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

പരിപാടിക്ക് മുന്നോടിയായി  'ക്ഷയ രോഗമില്ലാത്ത ഇടുക്കി നമ്മുടെ ലക്ഷ്യം' എന്ന മുദ്രാവാക്യമുയര്‍ത്തി കൂട്ടയോട്ടവും സംഘടിപ്പിച്ചു. നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം കിഴക്കേ കവലയില്‍ സമാപിച്ചു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ആശ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാരുമടക്കം നിരവധി പേര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.  ആര്‍ദ്രം മിഷന്‍ ലോഗോ ഡിസൈനിംഗ് മത്സരത്തില്‍ വിജയികളായ  വിദ്യാര്‍ത്ഥിള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. ജീവിതശൈലി രോഗങ്ങളും,  പുതുതായി എത്തുന്ന പകര്‍ച്ചവ്യാധികളും നിയന്ത്രണ വിധേയമായിരുന്ന പല രോഗങ്ങളും വീണ്ടും എത്തുന്ന സാഹചര്യത്തില്‍ സമഗ്രമായ പ്രതിരോധം, ആരോഗ്യ വര്‍ധക രോഗ ചികിത്സ, സ്വാന്തന പരിചരണം എന്നിവ ലക്ഷ്യം വച്ച് ഭക്ഷ്യസുരക്ഷ വിഭാഗം, മരുന്ന് പരിശോധന വിഭാഗം, എന്‍.ജി.ഒ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  എന്നിവയുടെ സഹകരണത്തോടെയാണ്  പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണി പുതിയാപറമ്പില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ.എന്‍, ആര്‍ദ്രം അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഖയാസ്,  താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അനൂപ്, പാമ്പാടുംപാറ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു ഫിലിപ്പ്,  മാസ് മീഡീയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.  
 

date