Skip to main content

കേരളത്തിലെ മുഴുവൻ പേർക്കും റേഷൻ കാർഡ് നൽകാൻ പ്രത്യേക പരിപാടി നടപ്പാക്കണം: മുഖ്യമന്ത്രി

കേരളത്തിലെ പുറമ്പോക്കുകളിൽ ഉൾപ്പെടെ കഴിയുന്നവർക്ക് റേഷൻ കാർഡ് നൽകുന്നതിന് പ്രത്യേക പരിപാടി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ കളക്ടർമാർ ഇത് പ്രത്യേക ദൗത്യമായി കാണണം. റേഷൻ കാർഡില്ലാത്ത എത്രപേരുണ്ടെന്ന കണക്കെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം. ജില്ലാ കളക്ടർമാർ മുമ്പ് നടത്തിയ രീതിയിൽ പൊതുജന സമ്പർക്ക പരിപാടികൾ നടത്തണം. മന്ത്രിമാർ പങ്കെടുക്കേണ്ടതുണ്ടെങ്കിൽ അവരെക്കൂടി സഹകരിപ്പിച്ച് പരാതി പരിഹാരം നടത്തണം. താലൂക്ക് അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കൽ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടയ വിതരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണം. കൂടുതൽ പട്ടയം വിതരണം ചെയ്യേണ്ട ഇടുക്കി പോലെയുള്ള ജില്ലകളിൽ സർവേ വേഗത്തിൽ പൂർത്തിയാക്കാൻ സ്വകാര്യ സർവയർമാരുടെ സേവനം പരിഗണിക്കണം. ഗ്രാമീണ റോഡുകൾ അടുത്ത വർഷത്തെ മഴയ്ക്ക് മുമ്പ് നല്ല നിലവാരത്തിൽ പുനർനിർമിക്കണം. മത്‌സ്യത്തൊഴിലാളികളുടെ ഭവനപദ്ധതികളിൽ നല്ല ശ്രദ്ധ പുലർത്തണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നടപടികൾ ഹരിത കേരളം മിഷന്റെ ഭാഗമായി നടത്തണം. ഉറവിട മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിനൊപ്പം കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകൾ നിശ്ചയിച്ച സ്ഥലങ്ങളിൽ പൂർത്തിയാക്കണം. പൊതുജലാശയങ്ങളുടെ ശുചീകരണം ജില്ലാ കളക്ടർമാർ മത്‌സരബുദ്ധിയോടെ കാണണം. ജില്ലാ പഞ്ചായത്തുകളുമായി സഹകരിച്ച് ഹരിത കേരളം മിഷന്റെ സഹായത്തോടെ ജലാശയങ്ങൾ ശുദ്ധമാക്കാൻ നടപടിയെടുക്കണം. ഇതിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കണം.
ലൈഫ് മിഷന്റെ മൂന്നാം ഘട്ടം വേഗത്തിൽ പൂർത്തിയാക്കണം. മഴ ഒഴിഞ്ഞു നിൽക്കുന്ന മേയ് മാസം വരെയുള്ള കാലയളവ് പ്രധാനമാണ്. വന്യമൃഗങ്ങൾക്കായി വനത്തിനുള്ളിൽ ജലസംഭരണികൾ നിർമിക്കണം. തൊഴിലുറപ്പ് പദ്ധതിയിൽ ഇതിനാവശ്യമായ നടപടി സ്വീകരിക്കാവുന്നതാണ്. എല്ലാ ജലാശയങ്ങളിലും കൂടുതൽ മത്‌സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപടിയെടുക്കണം. ഇതിൽ സ്വകാര്യ ഏജൻസികളുടേതടക്കം സേവനം വിനിയോഗിക്കണം. സിറ്റി ഗ്യാസ് വിതരണ പദ്ധതി ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്നും ഇതിൽ കളക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ തുക വേഗത്തിൽ നൽകണം. കേന്ദ്രത്തിലെ വിവിധ വകുപ്പുകൾ നൽകുന്ന ഉത്തരവുകളും വിജ്ഞാപനങ്ങളും കൃത്യമായി മനസിലാക്കണം. എങ്കിൽ മാത്രമേ സംസ്ഥാന താത്പര്യം അനുസരിച്ച് നിലപാട് എടുക്കാനാവൂ. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചവരോട് ഹാർഡ് കോപ്പിയുമായി ഓഫീസിലെത്താൻ പറയുന്ന ഉദ്യോഗസ്ഥരുടെ നടപടി ഗൗരവത്തോടെ കാണണം. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാവണം. ജീവനക്കാർ ഓഫീസിലെത്തുന്നതിൽ കൃത്യനിഷ്ഠ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. റെയിൽവേ പാത ഇരട്ടിപ്പിക്കലിനും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളുടെ വികസനത്തിനും ആവശ്യമായ ഭൂമി സമയബന്ധിതമായി ഏറ്റെടുക്കണം. സർക്കാർ നിശ്ചയിച്ച വികസന പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കണമെന്നും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്ക് കൃത്യമായി സഹായം എത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡു വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ, ഉൾനാടൻ ജലഗതാഗതം, പട്ടികവർഗ വിഭാഗങ്ങൾക്ക് ഭൂമി അനുവദിക്കുന്നത്, നഗരമേഖലകളിലെ റോഡുകളുടെ പുനരുദ്ധാരണം, സാംസ്‌കാരിക സമുച്ചയ നിർമാണം, ടൂറിസം പദ്ധതികൾ, വെള്ളായണി, ആക്കുളം കായൽ സംരക്ഷണം, വയനാട് മെഡിക്കൽ കോളേജ്, സർഫാസി നിയമവും ബാങ്ക് ജപ്തി നടപടികളും, നിർമാണ മേഖലയിലെ പ്രശ്‌നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളും യോഗം ചർച്ച ചെയ്തു. യോഗം ഇന്നും (ഡിസംബർ 12) തുടരും.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ. കെ. ബാലൻ, ജി. സുധാകരൻ, പി. തിലോത്തമൻ, എ. കെ. ശശീന്ദ്രൻ, ഇ. പി. ജയരാജൻ, എ. സി. മൊയ്തീൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ. കൃഷ്ണൻകുട്ടി, ഡോ. കെ. ടി. ജലീൽ, കടകംപള്ളി സുരേന്ദ്രൻ, ഡോ. ടി. എം. തോമസ് ഐസക്ക്, കെ. കെ. ശൈലജ ടീച്ചർ, എം. എം. മണി, ടി. പി. രാമകൃഷ്ണൻ, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. രാജു, വി. എസ്. സുനിൽകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ ഡോ. വി. കെ. രാമചന്ദ്രൻ, ഉന്നതതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
പി.എൻ.എക്‌സ്.4501/19

date