Skip to main content

ചേളാരി മോക്ഡ്രില്‍: ആദ്യം ആശങ്ക പിന്നെ ആശ്വാസം

    ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റിന് മുന്നില്‍ പെട്ടെന്ന്  നിമിഷത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി ടാങ്കര്‍ ലോറിയിലേക്ക് വെള്ളം ചീറ്റുന്നു. തൊട്ടുപിന്നാലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് വാഹനത്തിന്റെ കുതിപ്പ്. ദേശീയപാതയിലൂടെ  സൈറണ്‍ മുഴക്കി രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സിസിന്റെ രംഗപ്രവേശം. സുരക്ഷ ജീവനക്കാര്‍ ചാടിയിറങ്ങി ടാങ്കറിലേക്ക് വെള്ളം പായിക്കുന്നു. ബുള്ളറ്റ് ടാങ്കറിന് മുകളില്‍ കനത്ത മഴയിലെന്ന പോലെ ജലമൊഴുക്ക്.
    പത്ത് പ്ലാന്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അടിയന്തര സുരക്ഷാ നടപടികള്‍ കൂടി തുടങ്ങിയതോടെ കാര്യം വ്യക്തമായി. പാചക വാതക ചോര്‍ച്ച തന്നെ. എന്നാല്‍ ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റില്‍ വര്‍ഷം തോറും നടത്താറുള്ള മോക്ഡ്രില്ലിന്റെ ഭാഗമാണിതെല്ലാമെന്ന് ദേശീയ പാതയോരത്ത് തടിച്ചുകൂടിയവര്‍ പലരും അറിഞ്ഞില്ല. എന്താണിവിടെ സംഭവിക്കുന്നതെന്നുള്ള ആകാംക്ഷയായിരുന്നു പലര്‍ക്കും. ശരിക്കും പാചക വാതക ചോര്‍ച്ചയാണെന്ന് തെറ്റിദ്ധരിച്ചവര്‍ ആശങ്കയിലുമായി. 
    സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായുള്ള ഓഫ് സൈറ്റ് മോക്ഡ്രില്ലാണെന്ന് അറിഞ്ഞപ്പോഴാണ് ജനങ്ങളില്‍ പലര്‍ക്കും ശ്വാസം നേരെയായത്. ചോര്‍ച്ച ഉണ്ടായ ടാങ്കറില്‍ നിന്ന് എമര്‍ജന്‍സി റെസ്‌പോണ്‍സ് വാഹനത്തിന്റെ സഹായത്തോടെ പാചക വാതകം പ്രതീകാത്മകമായി മറ്റൊരു ബുള്ളറ്റ് ടാങ്കറിലേക്ക് മാറ്റിയാണ് മോക്ഡ്രില്‍ അവസാനിപ്പിച്ചത്.
     ജില്ലാ ദുരന്ത നിവാരണ സമിതി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പുമായും ചേളാരി ഐ.ഒ.സി പ്ലാന്റുമായും സഹകരിച്ചാണ് മോക്ഡ്രില്‍ നടത്തിയത്. പൊലീസ്, അഗ്നി രക്ഷാസേന , വൈദ്യുതി- ആരോഗ്യ വകുപ്പ് എന്നിവയുമായി സഹകരിച്ചായിരുന്നു മോക്ഡ്രില്‍. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് കോഴിക്കോട് റീജിയനല്‍ ജോയിന്റ് ഡയറക്ടര്‍ ടി. ഐ ശിവന്‍, മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജെ.സലീം രാജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് സനൂപ്, കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജി.സുലോചന, ഫാക്ടറീസ് അഡീഷനല്‍ ഇന്‍സ്‌പെക്ടര്‍ ടി രമേശ്, ഫയര്‍ഫോഴ്‌സ് മലപ്പുറം സ്റ്റേഷന്‍ ഓഫീസര്‍ എല്‍ സുഗുണന്‍, മീഞ്ചന്ത യൂനിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ബഷീര്‍, ചേളാരി ഐ.ഒ.സി പ്ലാന്റ് മാനേജര്‍ തോമസ് ജോര്‍ജ്ജ് ചെറായില്‍, ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ ആദിത്യ അച്ചുതന്‍,  തേഞ്ഞിപ്പലം എസ് ഐ ഇ കെ അബൂബക്കര്‍ കോയ, കെ.എസ്.ഇ.ബി ചേളാരി സെക്ഷന്‍ സബ് എഞ്ചിനീയര്‍ പി.എം പ്രശാന്ത് , ഓവര്‍സിയര്‍ പി.കെ ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

date