Skip to main content

മനുഷ്യകടത്തിനെതിരെ  കോളജ്  വിദ്യാര്‍ത്ഥികള്‍ ഒരുമിക്കുന്നു

    മനുഷ്യകടത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ ഒരുമിക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ജില്ലാ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂനിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ കോളജുകളില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ക്ലബ്ബുകള്‍ ആരംഭിക്കുകയും അംഗങ്ങള്‍ക്ക് പരിശീലനം നടത്തുകയും ചെയ്തു. ജില്ലയിലെ തെരെഞ്ഞെടുത്ത എല്‍.എല്‍.ബി, എം.എസ്.ഡബ്ല്യു, ബി.എഡ് കോളേജുകളിലാണ് ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ക്ലബ്ബുകള്‍ രൂപീകരിച്ചത്. 
    മനുഷ്യകടത്തിനെതിരെ വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുവാന്‍ വിവിധ ബോധവത്ക്കാരണ ക്ലാസ്സുകള്‍, സെമിനാറുകള്‍,  ക്യാമ്പയിനുകള്‍  തുടങ്ങിയവ സംഘടിപ്പിക്കും. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ കണ്ടെത്തി ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കും. മഞ്ചേരി വ്യവസായ ഭവനില്‍ നടത്തിയ  ക്ലബ് അംഗങ്ങള്‍ക്കായുള്ള പരിശീലന പരിപാടി ഡി.എല്‍.എസ്.എ സെക്രട്ടറി ആര്‍.മിനി ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി അധ്യക്ഷത വഹിച്ചു. ജില്ലാ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് നോഡല്‍ ഓഫീസര്‍ അബ്ദുല്‍ ഖാദര്‍ ക്ലാസെടുത്തു. എബ്രഹാം ലിങ്കണ്‍, സുമേഷ്, ഷാഫി, വിന്‍സെന്റ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
 

date