Skip to main content

സമ്പൂര്‍ണ ക്ലാസ് ലൈബ്രറി, പുസ്തകത്തൊട്ടില്‍  പദ്ധതികള്‍ക്ക് തുടക്കം

 

    ആനാട് ഗ്രാമപഞ്ചായത്തിലെ ചുള്ളിമാനൂര്‍ ഗവ. എല്‍.പി.സ്‌കൂളില്‍ സമ്പൂര്‍ണ ക്ലാസ് ലൈബ്രറി, പുസ്തകത്തൊട്ടില്‍ പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിര്‍വഹിച്ചു. സമ്പൂര്‍ണ ക്ലാസ് ലൈബ്രറി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും ലൈബ്രറി സ്ഥാപിച്ചു. ഉച്ചഭക്ഷണ ഇടവേളയില്‍ അരമണിക്കൂര്‍ കുട്ടികള്‍ പുസ്തകം വായിക്കാന്‍ വിനിയോഗിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇതിലൂടെ കുട്ടികളിലെ വായനാശീലവും അറിവും മെച്ചപ്പെടും. പുസ്തകങ്ങള്‍ സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് പുസ്തകത്തൊട്ടിലില്‍ അവ നിക്ഷേപിക്കാനും സൗകര്യമുണ്ട്. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പുസ്തകങ്ങളും പൊതു വായനയ്ക്കുള്ള പുസ്തകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ക്ലാസ് ലൈബ്രറി. പൂര്‍വ വിദ്യാര്‍ഥികള്‍,സ്‌കൂള്‍ പി.ടി.എ. ഭാരവാഹികള്‍,സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

    പി.ടി.എ പ്രസിഡന്റ് ഷിഹാബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ•ാരായ ഷീബാബീവി, അക്ബര്‍ഷാന്‍, ,സ്‌കൂള്‍ മാനേജ്മന്റ് കമ്മിറ്റി  ചെയര്‍മാന്‍ കെ.സലാഹുദ്ദീന്‍ ,ഹെഡ്മിസ്ട്രസ്സ് മഞ്ജുഷ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1336/2019)

date